പേരാമ്പ്ര ബൈപാസ്: നിർമാണ പ്രവൃത്തി വേഗത്തിലാക്കും


പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടി പി രാമകൃഷ്ണൻ എംഎൽഎ വിളിച്ചുചേർത്ത വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ ക്രമീകരണങ്ങൾ തയ്യാറാക്കി. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തി 14 നകവും മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി ആഗസ്ത് അഞ്ചിനുള്ളിലും പൂർത്തീകരിക്കും.

കെഎസ്ഇബിയുടെ 30 പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 6.11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. തുക ആർബിഡിസി വൈദ്യുതി വകുപ്പിൽ അടയ്ക്കും. നിർദിഷ്ട ബൈപാസിനു കുറുകെ 40 മീറ്ററിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ കടന്നുപോകുന്നുണ്ട്. കനാൽ സംരക്ഷിച്ച്‌ റോഡ് പ്രവൃത്തി നടത്താൻ സൂപ്രണ്ടിങ്‌ എൻജിനിയറുടെ അനുമതി ലഭ്യമാക്കും. കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയും യുഎൽസിസിയും 13 നകം സംയുക്ത പരിശോധന പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു.

നൊച്ചാട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. എ കെ പത്മനാഭൻ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ്, ആർബിഡിസി ഡെപ്യൂട്ടി കലക്ടർ അനിൽ കുമാർ, കൺസൾട്ടന്റ്‌ രോഹിത് ഷിക്കാർ, കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ, വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ പി സി ബിജു, അസിസ്റ്റന്റ്‌ എക്സി. എൻജിനിയർ സുധീർ കുമാർ, ലാന്റ്‌ അക്വിസിഷൻ തഹസിൽദാർ കെ മുരളീധരൻ, റവന്യൂ ഇൻസ്പെക്ടർ നാരായണൻ, കെഎസ്ഇബി എൻജിനിയർമാരായ പി കെ സുരേന്ദ്രൻ, എൻ എം ബാബു, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വൈസ് ചെയർമാൻ വി കെ അനന്തൻ, സിവിൽ മാനേജർ അഭിലാഷ് എന്നിവർ സംസാരിച്ചു.