കുറ്റവാളികളേ രക്ഷയില്ല, പ്രതികളെ ഇനി മണത്തറിയും; മൂന്ന് പോലീസ് നായ്ക്കൾ പേരാമ്പ്രയിൽ


പേരാമ്പ്ര: പേരാമ്പ്ര സബ് ഡിവിഷനിൽ പുതുതായി രൂപവത്കരിച്ച കെ9 ഡോഗ് സ്ക്വാഡ് പേരാമ്പ്രയിൽ പ്രവർത്തനം ആരംഭിച്ചു. പോലീസ് ക്വാർട്ടേഴ്സുകൾക്ക് സമീപമാണ് സ്ക്വാഡ് കേന്ദ്രമൊരുക്കിയത്.

സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന സ്നിപ്പർ ഡോഗ് ലക്കി, കുറ്റകൃത്യങ്ങളിൽ പ്രതികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന ട്രാക്കർ ഡോബർമാൻ ഡോഗ് ജാൻകോ, ലഹരി ഉത്‌പന്നങ്ങൾ കണ്ടെത്തുന്ന നർക്കോട്ടിക് സ്‌നിപ്പർ പ്രിൻസ് എന്നിങ്ങനെ മൂന്നുനായകൾ കേന്ദ്രത്തിലുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി. വിജയ് എസ്. സാക്കറെ, നോർത്ത് സോൺ ഐ.ജി. അശോക് യാദവ്, കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു.

പേരാമ്പ്രയിൽ ഒരുക്കിയ ചടങ്ങിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എസ്.പി. എ. ശ്രീനിവാസ്, എ.എസ്.പി. എം. പ്രദീപ് കുമാർ,ഡിവൈ.എസ്.പി. ആർ. ഹരിദാസ്, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ഗ്രാമപ്പഞ്ചായത്തംഗം മിനി പൊൻപറ, സി.ഐ. എം. സജീവ് കുമാർ, കെ9 സ്ക്വാഡ് ഇൻചാർജ് കെ.പി. മനോജ് തുടങ്ങിയവർ സംസാരിച്ചു.