പേരാമ്പ്ര പാലേരി തോട്ടത്താങ്കണ്ടിയിൽ വീടിനുനേരെ ബോംബേറ്
പേരാമ്പ്ര: പാലേരി തോട്ടത്താങ്കണ്ടി മുഞ്ഞോറയിൽ വീടിന് നേരെ ബോംബേറ്. മുഞ്ഞോറ ക്ഷീരസംഘത്തിന് സമീപമുള്ള എടത്തിൽ സുബൈറിന്റെ വീടിന് നേരെയാണ് ശനിയാഴ്ച പുലർച്ചെ 3.50- ഓടെ രണ്ട് ബോംബുകളെറിഞ്ഞത്. വീടിന്റെ മുൻഭാഗത്ത് വരാന്തയുടെ ചാരുപടിക്കും പില്ലറിനും നാശനഷ്ടം സംഭവിച്ചു. സുബൈർ വിദേശത്താണ്. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
ഒരുമാസംമുമ്പും വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞിരുന്നു. ജൂലായ് 14-ന് പുലർച്ചെ ഒന്നരയോടെയായിരുന്നു ആ സംഭവം. അന്ന് വീടിന്റെ പിൻഭാഗത്തായിരുന്നു സ്ഫോടകവസ്തു പതിച്ചത്. ഇതിന്റെ പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും അക്രമം നടന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പേരാമ്പ്ര പോലീസും ഡോഗ്‌സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.