പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി.പി രാമകൃഷ്ണന്‍ മന്ത്രിയായിരിക്കെ ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയുടെ നവീകരണം സാധ്യമാക്കിയത്.

നിലവില്‍ 12 മെഷീനുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഡയാലിസിസ് സെന്ററില്‍ രണ്ടാം നില നിര്‍മിച്ച് 10 ഡയാലിസിസ് മെഷീനുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് വയറിങ്, പ്ലംബിങ് ജോലികളും പൂര്‍ത്തിയാക്കി. 11 ലക്ഷം രൂപ വകയിരുത്തി പുതിയ ജനറേറ്ററും സ്ഥാപിച്ചു. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

ഡയാലിസിസിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പൂര്‍ത്തീകരിക്കും. ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീയാവുന്നതോടെ കൂടുതല്‍ ഡയാലിസിസ് രോഗികള്‍ക്ക് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടും.

സെന്ററിലെ ജീവനക്കാര്‍ പുതിയ ബ്ലോക്ക് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ശുചീകരണം ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ പേരാമ്പ്ര, കോര്‍ഡിനേറ്റര്‍ ശ്യാം എന്നിവര്‍ നേതൃത്വം നല്‍കി.