പേരാമ്പ്ര താലൂക്ക് ആശുപത്രി വികസനത്തിന് 77.43 കോടി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും- നിയമസഭയില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സബ്മിഷന് മന്ത്രിയുടെ മറുപടി


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 77.43 കോടി രൂപയുടെ വികസനത്തിന്‌ കിഫ്ബിയുടെ ധനകാര്യാനുമതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാനും അനുമതി ലഭ്യമാകുന്ന മുറയ്‌ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ആരംഭിക്കാനും ഇൻകെലിന് നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇൻകെൽ തയ്യാറാക്കിയ പദ്ധതിപ്രകാരം 96,468 ചതുരശ്ര അടി വിസ്തീർണത്തിൽ എഴുനിലകളോടുകൂടിയ കെട്ടിടസമുച്ചയമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളും 104 കിടക്കകളുമുണ്ട്‌. 2008ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയപ്പോൾ 38 കിടക്കകൾ അനുവദിച്ചിരുന്നു. ആറ് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ആശുപത്രിയിൽ പ്രതിദിനം 1200 ഓളം പേർ ഒപിയിലും 25 ഓളം പേർ ഐപി വിഭാഗത്തിലും ചികിത്സ തേടിയിരുന്നു. കോവിഡ് വന്നതോടെ ഒപിയിൽ എത്തുന്നവരുടെ എണ്ണം 700 ഉം ഐപി 15 ഉം ആയി.

15 ഡോക്ടർമാർ ഉൾപ്പെടെ 52 സ്ഥിരം ജീവനക്കാരുടെ തസ്തികകളാണ് അനുവദിച്ചത്. മൂന്ന് അസിസ്റ്റന്റ്‌ സർജൻമാർ ഉൾപ്പെടെ 22 പേരെയും 21 താൽക്കാലിക ജീവനക്കാരെ എച്ച്എംസിയും കോവിസ് ബ്രിഗേഡിൽനിന്ന് 12 പേരെയും നിയമിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1.10 കോടി രൂപ ചെലവിട്ട്‌ 22 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്‌ നിർമിച്ചു. 35 ലക്ഷം രൂപ ചെലവിൽ കാഷ്വാലിറ്റി വിഭാഗം നവീകരിച്ചു. 15 ലക്ഷം രൂപ ചെലവിട്ട്‌ കേന്ദ്രീകൃത ഓക്സിജൻ സപ്ലൈ സിസ്റ്റം ഏർപ്പെടുത്തി. 35 ലക്ഷം രൂപ ചെലവിൽ മോർച്ചറി കെട്ടിടം നിർമിച്ചു.

ഫിസിയോതെറാപ്പി വിഭാഗത്തിന് 22 ലക്ഷവും ദന്തരോഗ വിഭാഗത്തിന് 15 ലക്ഷവും ചെലവഴിച്ചു. 85 ലക്ഷം രൂപ ചെലവിൽ രണ്ടു വാർഡുകൾ നിർമിച്ചു. എട്ടുലക്ഷം ചെലവിട്ട്‌ കോൺഫറൻസ് ഹാളും 25 ലക്ഷം ചെലവിട്ട്‌ റോഡും നവീകരിച്ചു. കാരുണ്യ കമ്യൂണിറ്റി ഫാർമസിയും 15 ലക്ഷം ചെലവിട്ട്‌ ഇൻസിനറേറ്ററും സ്ഥാപിച്ചു.

ഒപി, ഐപി, കാഷ്വാലിറ്റി, ഫാർമസി, പ്രസവ വിഭാഗം. ദന്തൽ വിഭാഗം, പെയിൻ ആൻഡ്‌ പാലിയേറ്റീവ്, ഫിസിയോ തെറാപ്പി, മാനസികാരോഗ്യ വിഭാഗം, ഡയാലിസിസ് സെന്റർ, കാരുണ്യ ഫാർമസി, എക്സ്റേ, ഇസിജി, ഗൈനക്കോളജി, ഒഫ്ത്താൽമോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഇഎൻടി എന്നിവയിൽ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാണ്. ഇംഹാൻസ് മുഖേന മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. അധിക തസ്തികകൾ സൃഷ്ടിക്കുന്നത്‌ സർക്കാരിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.