പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു; നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റ് വീണ്ടും പ്രവര്‍ത്തനവാരംഭിച്ചു. നവീകരിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി താലൂക്കാശുപത്രിയിലെ ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.

പത്ത് ലക്ഷം രൂപയുടെ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചാണ് ഫിസിയോ തെറാപ്പി യൂണിറ്റ് നവീകരിച്ചത്. ഇവിടെ ഒ.പി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി തുടങ്ങിയ ദിവസങ്ങളിലാണ് ഒ.പി പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ഏഴ് പഞ്ചായത്തുകളിലെ പാലിയേറ്റീവ് യൂണിറ്റുകളില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സേവനം ലഭ്യമാവുക. വളരെ വേഗത്തില്‍ ജനറല്‍ ഒ.പിയും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമിന്‍ പി.ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞു. കെ.സജീവന്‍ മാസ്റ്റര്‍, പി.കെ രജിത, ഗിരിജ ശശി, പി.ടി അഷറഫ്, പ്രഭാ ശങ്കര്‍, എം കൂഞ്ഞമ്മത് മാസ്റ്റര്‍, തുവയ് ഹാജി, ഡോ. സി.കെ വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.