പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപാറ റോഡ് നിർമ്മാണ കരാറിൽ നടന്ന അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ.അസീസ്


പേരാമ്പ്ര: താനിക്കണ്ടി-ചക്കിട്ടപാറ റോഡ് പ്രവൃത്തി കരാർ നൽകിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്. പേരാമ്പ്ര മേഖലയിലെ മൂന്ന് റോഡ് പ്രവൃത്തി കരാർ ഏറ്റെടുക്കാൻ കാസർഗോഡ് നിന്ന് കരാറുകാരെഎത്തിച്ചതതിന്റെ പിന്നിൽ നടന്ന അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒമ്പത് മാസംകൊണ്ട് പണി പൂർത്തീകരിക്കേണ്ട താനിക്കണ്ടിറോഡിന്റെ പ്രവൃത്തി പതിനാറു മാസം കൊണ്ട് പത്തു ശതമാനം മാത്രം നടത്തിയ കരാറുകാരൻ വകുപ്പ് മന്ത്രി നേരിട്ട് എത്തി നിർദേശം കൊടുത്തിട്ടു പോലും പ്രവൃത്തി പൂർത്തീകരിക്കാൻ തയ്യാറാവാതിരുന്നത് ഭരണകക്ഷിയിലെ ഉന്നതരുടെ സംരക്ഷണം കൊണ്ടാണ്.

പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിലുള്ള ജനങ്ങളുടെ പ്രതിഷേധം മുന്നിൽകണ്ടു കൊണ്ടാണ് കരാറുകാരനെ മാറ്റാൻ ഇപ്പോൾതയ്യാറായത്. റോഡിന്റെ പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പട്ട് യു.ഡി.എഫ്. കൂത്താളി പഞ്ചായത്ത് കമ്മിറ്റി കിഴക്കൻ പേരാമ്പ്രയിൽ സംഘടിപിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തണ്ടോറ ഉമ്മർ അധ്യക്ഷത വഹിച്ചു. മോഹൻദാസ് ഓണിയിൽ, അബ്ദുള്ള ബൈത്തുൽ ബർക്ക, ഇബ്രാഹിം പാലാട്ടക്കര, പൂളക്കണ്ടി കുഞ്ഞമ്മദ്, സി.കെ. ബാലൻ, പി.സി. കാർത്ത്യാനി, സി.എൻ. നാരായണൻ, ടി.പി. പ്രഭാകാരൻ, കിഴക്കേടത്ത് സിറാജ്‌, പൊറായ്‌ മുഹമ്മദ്‌, കെ.കെ. ഫാത്തിമ, കെ.പി അബ്ദുള്ള മൗലവി എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.