പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപാറ റോഡ് നിര്‍മ്മാണം നടന്നത് പേരിന് മാത്രം; കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് പുറത്താക്കിയതിന്റെ കാരണങ്ങള്‍ ഇങ്ങനെ
പേരാമ്പ്ര: കാസര്‍കോഡ് ആസ്ഥാനമായുള്ള എം.ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയെ പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡിന്റെ നിര്‍മ്മാണത്തില്‍ നിന്ന് ഒഴിവാക്കിയത് റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങിയതിനാല്‍. പത്ത് കോടി രൂപ ചെലവില്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ഒന്നര വര്‍ഷത്തിന് ശേഷവും നാമമാത്രമായ പ്രവൃത്തികളാണ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും ചിലയിടങ്ങളില്‍ ഓവുചാലിന്റെ പ്രവൃത്തിയും ചില കലുങ്കുകളുടെ ഭാഗിക പ്രവൃത്തിയും മാത്രമാണ് നടന്നത്. സമാന രീതിയില്‍ നടക്കുന്ന പേരാമ്പ്ര ചെമ്പ്ര റോഡിന്റെ നവീകരണവും ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണവും ഇതേ അവസ്ഥയിലാണ്. ഈ രണ്ട് റോഡുകളുടെയും പ്രവൃത്തിയും ഏറ്റെടുത്തത് കാസര്‍കോട് സ്വദേശികളായ കരാറുകാര്‍ തന്നെയാണ്.
ഒരേ കമ്പനിക്ക് കീഴിലാണ് പ്രവര്‍ത്തനമെങ്കിലും വ്യത്യസ്ത ആളുകളുടെ പേരിലാണ് കരാര്‍ എടുത്തിരിക്കുന്നത്. ഈ മൂന്ന് റോഡുകളുടെ പ്രവൃത്തിയും കരാറുകാരുടെ അലംഭാവം കാരണം പണി നടക്കാത്ത സാഹചര്യത്തില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടു. കലക്ടര്‍ കരാറുകാരെ വിളിച്ചു വരുത്തി പ്രവൃത്തി പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ വീണ്ടും മൂന്ന് റോഡുകളുടെയും പ്രവൃത്തി താല്‍ക്കാലികമായി ആരംഭിച്ച് അവസാനിപ്പിക്കുകയായിരുന്നു.
നിലവില്‍ വാഹന സൗകര്യമുള്ള റോഡുകള്‍ നവീകരണത്തിനു വേണ്ടി കുത്തിപ്പൊളിച്ച് വീതി കൂട്ടാന്‍ സമീപത്തെ പറമ്പുകള്‍ ഇടിച്ചിടുകയും ചെയ്തതിനാല്‍ കാല്‍നടയാത്ര പോലും പ്രയാസമായി. പേരാമ്പ്ര മേഖലയിലേക്ക് കാസര്‍കോട് നിന്നു കരാറുകാരെ എത്തിക്കുന്നതില്‍ ചില ഉന്നത ഇടപെടലുകള്‍ ഉണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുന്‍പും പല ജോലികളും കാസര്‍കോട് സ്വദേശികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ സംഭവം പേരാമ്പ്രയില്‍ ഉണ്ടായിട്ടുണ്ട്. പൈതോത്ത് താനിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ പ്രവൃത്തി പെട്ടെന്നു തന്നെ മറ്റൊരു കരാറുകാരനു കൈമാറി പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.