പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേബാധ സ്ഥിരീകരിച്ചു; ജനങ്ങള്‍ ജാഗ്രത പാലിക്കണം


പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥീകരിച്ചു. കഴിഞ്ഞ ദിവസമാണ് നായയുടെ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റത്. വയനാട്ടിലെ പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് റാബിസ് സ്ഥിരീകരിച്ചത്.

പേരാമ്പ്ര ബസ്സ് സ്റ്റാന്റ്, മാര്‍ക്കറ്റ്, കൈതക്കല്‍ എന്നിവിടങ്ങിളിലുണ്ടായിരുന്ന ആളുകളെയാണ് തെരുവുനായ ആക്രമിച്ചത്. ഇവര്‍ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ശേഷം ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു.

നായയുടെ കടിയേറ്റവര്‍ വാക്‌സിനേഷന്‍ പൂര്‍ണ്ണമായും എടുക്കണെമന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അറിയിച്ചു. ഒരു കാരണവശാലും
പാതിവഴിയില്‍ വെച്ച് വാക്സിനേഷന്‍ നിര്‍ത്താന്‍ പാടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പേരെ ആക്രമിച്ച് പേരാമ്പ്ര ടൗണിനെ ഒരു പകല്‍ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ തെരുവുനായയെ അന്നുതന്നെ നാട്ടുകാര്‍ അടിച്ച് കൊന്നിരുന്നു. പ്രദേശത്തെ മറ്റ് തെരുവ് നായകളെ പേ സ്ഥീതീകരിച്ച നായ കടിച്ചതായി സംശയമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.