പേരാമ്പ്ര ടൂറിസം സൗഹൃദമാകുന്നു; മണ്ഡലത്തിലെ പത്ത് കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് പദ്ധതി


പേരാമ്പ്ര : പേരാമ്പ്ര മേഖലയിൽ പത്ത് സ്ഥലങ്ങളിൽ വിനോദസഞ്ചാര വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പെരുവണ്ണാമൂഴി ഡാമിലെ വികസനപ്രവൃത്തികൾ വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെയും ഓരോസ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങമായി വികസിപ്പിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

ഇതിനായി നേരത്തെ ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ യോഗംചേർന്ന് ഓരോ പഞ്ചായത്തിലെയും വിനോദസഞ്ചാര വികസന സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് മന്ത്രി കാര്യങ്ങൾ വിലയിരുത്തിയത്. ജൂലായ് 30-നകം റിപ്പോർട്ട് നൽകാൻ മന്ത്രിനിർദേശിച്ചു. എല്ലാ പഞ്ചായത്തുകളിലേയും ടൂറിസംകേന്ദ്രങ്ങൾ സംസ്ഥാനതല വിനോദസഞ്ചാര മാപ്പിങ്ങിൽ ഉൾപ്പെടുത്തും.

പെരുവണ്ണാമൂഴി പ്രധാന ടൂറിസം കേന്ദ്രമായും മറ്റുള്ളവ അനുബന്ധ കേന്ദ്രങ്ങളായുമുള്ള രൂപത്തിലാകും വികസനംനടപ്പാക്കുക. പെരുവണ്ണാമൂഴിയിൽ 3.13 കോടി രൂപയുടെ വികസന പദ്ധതി ഇപ്പോൾ നടപ്പാക്കുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ടൂറിസം ജോയന്റ് ഡയറക്ടർ സി.എൻ. അനിത കുമാരി, ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന, ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എസ്.കെ. സജീഷ്, കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ കെ. ജയരാജൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സി.എച്ച്. ഹബി, അസിസ്റ്റന്റ് എൻജിനിയർ കെ. ഫൈസൽ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.