പേരാമ്പ്ര ചേര്‍മല ടൂറിസം പദ്ധതിക്ക് മൂന്നരക്കോടി രൂപയുടെ ഭരണാനുമതി


പേരാമ്പ്ര: ചേര്‍മല ടൂറിസം പദ്ധതിക്ക് മൂന്നരക്കോടി രൂപയുടെ ഭരണാനുമതി. മൂന്ന് കോടി അന്‍പത്തി ഒന്‍പത് ലക്ഷം രൂപയാണ് ചേര്‍മലയുടെ വികസനത്തിനായി അനുവദിച്ചത്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍മല ടൂറിസം സംബന്ധിച്ച് ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ട്. ചേര്‍മല ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ഉള്‍പ്പടെ പാര്‍ക്കിന് അവശ്യമായ അടിസ്ഥാന വികസനങ്ങള്‍ക്കാണ ഫണ്ട് അനുവദിച്ചത്.

പ്രകൃതിരമണീയമായ കാഴ്ചകളുള്ള ചേര്‍മലയില്‍ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഹില്‍ സ്റ്റേഷനാക്കി മാറ്റാന്‍ ഡി.ടി.പി.സി മൂന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ടൂറിസംവകുപ്പിന്റെ അംഗീകാരത്തിനായി നേരത്തെ സമര്‍പ്പിരുന്നു. സ്ഥലത്തിന്റെ ലാന്‍ഡ് സ്‌കേപ്പിങ് നടത്തി നടപ്പാത, ഇരിപ്പിടങ്ങള്‍, ആംഫിതിയേറ്റര്‍, കരകൗശലവസ്തുക്കളുടെ വില്പനയ്ക്കായി വിപണന കേന്ദ്രം, സഞ്ചാരികള്‍ക്കായി പ്രാഥമിക സൗകര്യങ്ങളൊരുക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പേരാമ്പ്ര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ ചേര്‍മലയും ഇടം പിടിക്കും.

ചേര്‍മലയില്‍ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ അനുബന്ധമായി നരിമഞ്ച പുരാവസ്തുവകുപ്പ് പരിശോധിച്ചിരുന്നു. നരിമഞ്ച ചെങ്കല്ലുകൊണ്ടുള്ള വലിയ പ്രകൃതിദത്തഗുഹയെന്നാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. നരിമഞ്ച ഗുഹയ്ക്ക് ഒരേക്കറോളം വിസ്തൃതിയുള്ളതാണെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ചെങ്കല്ലിനിടയില്‍ രൂപംകൊണ്ടിട്ടുള്ള സംസ്ഥാനത്തെത്തന്നെ വിസ്താരമേറിയ ഗുഹയാകും. പലഭാഗത്തുനിന്ന് ഗുഹയ്ക്കുള്ളിലേക്ക് കടക്കാനുള്ള വഴിയുണ്ടെന്ന് ഗുഹയ്ക്കുള്ളില്‍ കുറച്ചുഭാഗത്തെ മണ്ണ് നീക്കിയപ്പോള്‍ വ്യക്തമായി.

ചേര്‍മലയ്ക്കൊപ്പം നരിമഞ്ചയിലെ ടുറിസം സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രധാന ടൂറിസം കേന്ദ്രമായി ചേര്‍മല മാറും. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് കുന്നിന്‍മുകളിലെ പ്രകൃതി ഭംഗിക്കൊപ്പം ഗുഹയിലെ ഭംഗിയും ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയും. പേരാമ്പ്രക്കാരുടെ ദീര്‍ഘനാളായുള്ള ആഗ്രഹമാണ് ചേര്‍മലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തണമെന്നുള്ളത്.