പേരാമ്പ്ര എസ്‌റ്റേറ്റിലെ മാവോയിസ്റ്റ് സാന്നിധ്യം: പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍


പേരാമ്പ്ര: പേരാമ്പ്ര എസ്‌റ്റേറ്റില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ സംഗമം. സി.ഐ.ടി.യു, എ.ഐ.ടി.യു.എസ്, എച്ച്.എം.എസ് സംഘടനാ നേതാക്കള്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുകയെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

പേരാമ്പ്ര എസ്റ്റേറ്റില്‍ തുടര്‍ച്ചയായ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് ഈ വിഷയം ഗൗരവമായമെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു സംയുക്ത ട്രേഡ് യൂണിയന്റെ പ്രധാനപ്പെട്ട ആവശ്യം. പുലര്‍ച്ച 5.30യ്ക്ക് എസ്റ്റേറ്റിലെത്തി ജോലി തുടങ്ങുന്നവരാണ് ഇവിടുത്തെ തൊഴിലാളികള്‍. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സുരക്ഷയൊരുക്കണം. തൊഴിലാളികളെ രാത്രി കാവല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ സംഗമത്തില്‍ മുന്നോട്ടുവെച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. എച്ച്.എം.എസ് യൂണിയന്‍ പ്രസിഡന്റ് കെ. ബാലനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, കെ.സി ഭാസ്‌കരന്‍, കെ.ടി സതീഷ്, എ.ജി രാജന്‍, വിജു ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.