പേരാമ്പ്ര എസ്റ്റേറ്റിലെ അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ജീവനക്കാര്‍


പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിങ്കളാഴ്ചക്കകം അറസ്റ്റുചെയ്തില്ലെങ്കില്‍ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കുമെന്ന് ജീവനക്കാര്‍. സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ എസ്റ്റേറ്റ് മാനേജര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് നല്‍കി.

വ്യാഴാഴ്ച രാത്രിയാണ് ക്വാട്ടേഴ്സിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പേരാമ്പ്ര എസ്റ്റേറ്റിലെ സീനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് മുഹമ്മദ് ഷബീബിനെ രണ്ടംഗ സംഘം ആക്രമിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ച് അദ്ദേഹത്തിന്റെ ദേഹമാസകലം അടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഹനമാണെന്നും പ്രതിയെ ചൂണ്ടികാട്ടിയിട്ടും അറസ്റ്റുചെയ്യുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നടപടി ഇല്ലെങ്കില്‍ പോലീസ് സ്റ്റേഷന് മുമ്പിലും സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

മുഹമ്മദ് ഷബീബിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ വ്യക്തികളെയും എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരെയും ആക്രമിക്കുമെന്ന ഭീഷണിയുണ്ടെന്ന് ജീവനക്കാര്‍ നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു. യൂണിയന്‍ പ്രതിനിധികള്‍ ചേര്‍ന്നാണ് എസ്റ്റേറ്റ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.