പേരാമ്പ്രയ്ക്ക് മാത്രമല്ല ഞങ്ങള്‍ക്കും വേണം ബൈപ്പാസ്, ഇനിയും ഈ ശ്വാസംമുട്ടല്‍ സഹിക്കാന്‍ വയ്യ; കൂരാച്ചുണ്ടുകാരുടെ ബൈപ്പാസ് ആവശ്യം വീണ്ടും ശക്തമാവുന്നു


കൂരാച്ചുണ്ട്: പേരാമ്പ്ര ബൈപാസ് നിര്‍മ്മാണവും ദേശീയപാത വികസനവുമൊക്കെ പുരോഗമിക്കുമ്പോഴും കൂരാച്ചുണ്ട് ബൈപാസ് നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍. ടൗണിലെ ഗാതഗതക്കുരുക്കും തിക്കും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീയാക്കി കല്ല് സ്ഥാപിച്ചിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല.

കൂരാച്ചുണ്ട് ബൈപാസ് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 2014 ലാണ് സര്‍ക്കാര്‍ 158 ലക്ഷം രൂപ അനുവദിച്ചത്. തുടര്‍ നടപടികളൊന്നും സ്വീകരിക്കാത്തതാണ് പ്രശ്‌നമായത്. ബൈപ്പാസ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനോടൊപ്പം പുതിയ പാലവും നിര്‍മ്മിക്കേണ്ടതുണ്ട്. 310 മീറ്റര്‍ ദൂരമുള്ള ബൈപാസ് 15 മീറ്റര്‍ വീതിയില്‍ ബൈപ്പാസ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 65 സെന്റ് സ്വകാര്യ ഭൂമി ബൈപാസിനായി ഏറ്റെടുക്കണം. കൂരാച്ചുണ്ട് അങ്ങാടി പുഴയ്ക്ക് കുറുകെ പാലവും നിര്‍മിക്കണം.

2014ല്‍ ബൈപാസ് റോഡ്, പാലം സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനായി പൊതുമരാമത്ത് വകുപ്പ് 2.6 ലക്ഷം രൂപയും ചെലവഴിച്ചു. തുടര്‍ന്ന് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡില്‍ എസ്എച്ച് കോണ്‍വന്റിനു മുന്‍പില്‍ നിന്നും കൂരാച്ചുണ്ട് – പേരാമ്പ്ര റോഡിലേക്ക് നിര്‍ദിഷ്ട ബൈപാസ് റോഡിന്റെ സര്‍വേ പൂര്‍ത്തിയാക്കി കല്ലും സ്ഥാപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബൈപ്പാസ് നിര്‍മ്മാണം ഇപ്പോഴും എങ്ങുമെത്തിയില്ല.

റോഡ് നിര്‍മ്മാണത്തിനായി അറയേക്കറിന് മുകളില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് ശേഷമേ റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുകയുള്ളൂ. ഭൂമിയുടെ പുതിയ വില നിശ്ചയിക്കാനായി നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് റോഡ്, പാലം വിഭാഗങ്ങള്‍ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ബൈപാസ് റോഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയുള്ളൂ.