പേരാമ്പ്രയ്ക്ക് അഭിമാനമായി നോഹ നിര്‍മല്‍ ടോം; ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും


പേരാമ്പ്ര: പേരാമ്പ്രയുടെ സ്വന്തം നോഹ നിര്‍മല്‍ ടോം ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 4*400 മീറ്റര്‍ റിലേ മത്സരത്തിലാണ് നോഹ മത്സരിക്കുന്നത്. കോഴിക്കോട് സായി സെന്റെറിലെ ജോര്‍ജ് പി ജോസഫിന്റെ ശിഷ്യനാണ് നോഹ നിര്‍മല്‍ ടോം.

നോഹയെ കൂടാതെ കാലിക്കറ്റ് സര്‍വകലാശാലയുടെ 3 മുന്‍ താരങ്ങളും ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. കെ.ടി.ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), വൈ.മുഹമ്മദ് അനസ്, എം.ശ്രീശങ്കര്‍ (ലോങ്ജംപ്) എന്നിവരാണ് ആ അഭിമാന താരങ്ങള്‍.

കാലിക്കറ്റ് വിസി ഡോ. എം.കെ. ജയരാജ്, റജിസ്ട്രാര്‍ ഡോ. ഇ.കെ.സതീഷ്, കായിക ഡയറക്ടര്‍ ഡോ. വി.പി.സക്കീര്‍ ഹുസൈന്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ടോം. കെ.തോമസ്, എം.എം. നാരായണന്‍ എന്നിവര്‍ താരങ്ങളെ വിളിച്ച് ആഹ്ലാദം പങ്കുവച്ചു.

പേരാമ്പ്ര പൂഴിത്തോട് സ്വദേശിയായ നോഹ നിര്‍മല്‍ ടോം കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടില്‍ സായ് കോച്ച് ജോര്‍ജ് പി. ജോസഫിന്റെ പരിശീലനത്തിലാണ് വളര്‍ന്നത്. ദേവഗിരി കോളജില്‍ 2012 15 കാലഘട്ടത്തില്‍ ബിരുദപഠനം നടത്തിയിരുന്നു.

കെ.ടി.ഇര്‍ഫാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഡിഗ്രി പഠനത്തിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ 2007ല്‍ എത്തിയതോടെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭാഗമായി മാറുന്നത്. കോഴിക്കോട് സായ് സെന്ററിലെ പരിശീലകന്‍ ജോര്‍ജ് പി. ജോസഫ് ആണ് ഇര്‍ഫാനിലെ കായിക പ്രതിഭയെ കണ്ടെത്തിയത്.

കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് 2014ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളജില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കീമിലാണ് പരിശീലനം തുടങ്ങിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് പി.ബി. ജയകുമാറിന്റെ ശിക്ഷണത്തിലായിരുന്നു ആദ്യഘട്ട പരിശീലനം. പാലക്കാട് സ്വദേശിയായ എം.ശ്രീശങ്കര്‍ പാലക്കാട് വിക്ടോറിയ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ശ്രീശങ്കറിന്റെ പേരിലാണ് നിലവില്‍ ലോങ്ജംപിലെ ദേശീയ റെക്കോര്‍ഡ്.