പേരാമ്പ്രയുടെ അഭിമാനമായ ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം ഇന്ന് നാട്ടിലെത്തും; ഒളിമ്പ്യന് നാളെ നാടിന്റെ സ്‌നേഹാദരം


പേരാമ്പ്ര: ടോക്കിയോ ഒളിമ്പിക്സില്‍ 4×400 മീറ്റര്‍ റിലേ മത്സരത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ടീമിലെ അംഗമായ പേരാമ്പ്ര സ്വദേശി ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം ഇന്ന് നാട്ടിലെത്തും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് വിമാന താവളത്തിലെത്തുന്ന നോഹയെ സ്വീകരിച്ച് വീട്ടിലേക്ക് എത്തിക്കും.

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നോഹയ്ക്ക് സ്വീകരണം നല്‍കും. ചടങ്ങില്‍ കോഴിക്കോട് ജില്ല കലക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി ഐഎഎസ് മുഖ്യാതിഥിയാകും. കാലത്ത് നോഹയുടെ മരുതേരി റോഡിലെ വീട്ടില്‍ നിന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മറ്റ് സമീപ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 8 വാഹനങ്ങളുടെ മാത്രം അകമ്പടിയോടെ പേരാമ്പ്ര പട്ടണത്തിലൂടെ ആനയിച്ച് സ്വീകരണ വേദിയില്‍ എത്തിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 50 പേരില്‍ താഴെയുള്ള ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കൂ. പേരാമ്പ്രയിലെ വ്യാപാരികള്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ളവര്‍ക്കും അതാത് സ്ഥാപനങ്ങളില്‍ നിന്ന് അഭിവാദ്യമര്‍പ്പിക്കാം.

വാര്‍ത്താ സമ്മേളനത്തില്‍ സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനോദന്‍, പി.ടി. അഷറഫ്, ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത് എന്നിവര്‍ സംബന്ധിച്ചു.