പേരാമ്പ്രയുടെ അഭിമാനം ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോമിന് നാടിന്റെ ആദരം; ചൊവ്വാഴ്ച നാട്ടിലെത്തുന്ന താരത്തിന് പേരാമ്പ്രയില്‍ പൗര സ്വീകരണം
പേരാമ്പ്ര: ഒളിമ്പ്യന്‍ നോഹ നിര്‍മല്‍ ടോമിന് ചൊവ്വാഴ്ച ഉച്ചക്ക് പേരാമ്പ്രയില്‍ പൗരസ്വീകരണം നല്‍കും. രാവിലെ 8.40ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന കായികതാരത്തെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ച് പേരാമ്പ്രയിലെ വീട്ടിലെത്തിക്കും.
ഉച്ചക്ക് രണ്ടിനു വീട്ടില്‍ നിന്നും പഞ്ചായത്തുകളുടെ ഔദ്യോഗിക വാഹനങ്ങളുടെ അകമ്പടിയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തും. പേരാമ്പ്ര ടൗണിലെ വ്യാപാരികളും ജനങ്ങളും സ്ഥാപനത്തില്‍ നിന്നു തന്നെ അഭിവാദ്യം ചെയ്യും.
കോവിഡ് മാനദണ്ഡമനുസരിച്ച് ബ്ലോക്ക് ഓഫീസില്‍ ചേരുന്ന ചടങ്ങില്‍ 50 പേര്‍ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ വിനോദന്‍, കെ.കെ ലിസി, പി.ടി അഷറഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പ്രിയേഷ്, വിനോദ് എന്നിവര്‍ സംസാരിച്ചു. എന്‍.പി ബാബു (ചെയര്‍മാന്‍), വി.കെ പ്രമോദ് (കണ്‍വീനര്‍), ശശികുമാര്‍ പേരാമ്പ്ര (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.