പേരാമ്പ്രയില്‍ നിന്നും ഉള്ള്യേരിയിലെ ട്രാഫിക് ബ്ലോക്കും കടന്ന് 38 മിനിറ്റില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്: പിഞ്ചുകുഞ്ഞിന്റെ ജീവന്റെ വിലയുള്ള ആ യാത്ര സാധ്യമായതെങ്ങനെയെന്ന് വിശദീകരിച്ച് കൈതക്കല്‍ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍
പേരാമ്പ്ര: ജീവന്റെ വിലയുള്ള യാത്രയാണ് ഓരോ ആംബുലന്‍സുകളുടെയും. കൈതക്കല്‍ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ രജിലിനെ സംബന്ധിച്ച് കഴിഞ്ഞദിവസം പേരാമ്പ്രയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര അതിലുമെത്രയോ വലുതായിരുന്നു. വണ്ടിയുള്ളത് വെറും ഒന്നരമണിക്കൂര്‍ മാത്രം പ്രായമുളള കുഞ്ഞ്, അവസ്ഥ അല്പം അപകടമാണ്, ഓരോ മിനുട്ടും വിലപ്പെട്ടത്. പോകാനുള്ളതാകട്ടെ കുറച്ചുദിവസങ്ങളായി ട്രാഫിക് ബ്ലോക്കുകള്‍ സ്ഥിരമായ ഉള്ള്യേരി റോഡിലൂടെ. രജില്‍ ആ വെല്ലുവിളി ഏറ്റെടുത്തപ്പോള്‍ ആക്കൂപ്പറമ്പ് സ്വദേശികളായ ദമ്പതികള്‍ക്ക് ലഭിച്ചത് അവരുടെ പൊന്നോമനയുടെ ജീവന്‍ തന്നെയാണ്.
ആംബുലന്‍സില്‍ ഒരുപാട് രോഗികളുമായി പോയിട്ടുണ്ടെങ്കിലും ഇത്രയേറെ വെല്ലുവിളി ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നാണ് രജില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. സംഭവം രജില്‍ വിശദീകരിക്കുന്നു- ‘പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയുള്ള സമയത്താണ് കല്ലോട് ആശുപത്രിയിലെ ഡ്രൈവര്‍ രാജേട്ടന്‍ വിളിക്കുന്നത്. ‘ പെട്ടെന്ന് ഇങ്ങോട്ട് വരണം. ഒരു ലേബര്‍ കേസുണ്ട്’ എന്നു മാത്രമാണ് പറഞ്ഞത്. ഞാനുടനെ ആശുപത്രിയിലെത്തി. അവിടെയെത്തിയപ്പോള്‍ നഴ്‌സ് വന്ന് ഓക്‌സിജനുണ്ടോയെന്ന് ചോദിച്ചു. ഉണ്ട് എന്നു പറഞ്ഞ് ഞാന്‍ എന്താ പ്രശ്‌നമെന്ന് ചോദിച്ചു. കുഞ്ഞ് മഷി കുടിച്ചതാണെന്നും ഓക്‌സിജന്റെ അളവ് കുറവാണെന്നും പെട്ടെന്ന് മെഡിക്കല്‍ കോളേജിലെത്തിക്കണമെന്നും നഴ്‌സ് പറഞ്ഞു. പേരാമ്പ്ര ടൗണൊന്നും പ്രശ്‌നമല്ല, ഉള്ള്യേരിയിലെ ബ്ലോക്കിനെക്കുറിച്ച് മാത്രമായിരുന്നു എന്റെ ടെന്‍ഷന്‍. എന്തെങ്കിലും പ്ലാന്‍ ചെയ്യണമെങ്കില്‍ അതിനും സമയമില്ല. ഞാനുടനെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഗ്രൂപ്പില്‍ കാര്യം വിശദീകരിച്ച് മെസേജ് ഇട്ടു. ഇനിയെനിക്ക് വിളിക്കാന്‍ പറ്റില്ലെന്നും നടുവണ്ണൂര്‍ പാസ് ചെയ്താല്‍ മാത്രം ഞാന്‍ അറിയിക്കാമെന്നും പറഞ്ഞു. കുറ്റ്യാടി ആംബുലന്‍സിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന യൂനുസ് എന്ന സുഹൃത്തിനെ വിളിച്ചും കാര്യം പറഞ്ഞു. അദ്ദേഹം അത്തോളി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് മറ്റു കാര്യങ്ങള്‍ അറെയ്ഞ്ച് ചെയ്തു.
ഉച്ചയ്ക്ക 2.55 ഓടെ പേരാമ്പ്രയില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടു. ടൗണിലും വെള്ളിയൂരുമൊന്നും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇതിനിടയില്‍ ഈ വിഷയം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ നടുവണ്ണൂര്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍മാരുടെയും പ്രദേശവാസികളുടെയും മറ്റും വലിയ സഹായമുണ്ടായി. അത്തോളി പൊലീസും വേണ്ടവിധത്തില്‍ ഇടപെട്ടു. അങ്ങനെ 38 മിനിറ്റുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി.
വണ്ടി നിര്‍ത്തിയപ്പോഴേക്കും ആശുപത്രി ജീവനക്കാര്‍ അടുത്തെത്തിയിരുന്നു. സീറ്റില്‍ നിന്നും ഇറങ്ങി ഞാന്‍ പിന്നിലെത്തി ഡോര്‍ തുറന്നു. കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഛര്‍ദ്ദിച്ച് അവശരായിരുന്നു. അതിനാല്‍ ഒട്ടും സമയം കളയാതെ ഞാന്‍ തന്നെ ഓക്‌സിജന്‍ മാറ്റി കുഞ്ഞിനെ പുറത്തേക്കെടുത്ത് നഴ്‌സിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രസവം കഴിഞ്ഞയുടനുള്ള ഒരു സ്ത്രീയാണ് ഒപ്പമുള്ളതെന്നതിനാല്‍ വണ്ടിയുടെ വേഗതയും റോഡിലെ കുഴികളുമൊക്കെ കാരണം അവര്‍ക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോയെന്ന പേടികൂടിയുണ്ടായിരുന്നു.’
പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആംബുലന്‍സ് ഡ്രൈവറായ രജുല്‍ കാര്‍ത്തികേയന്‍ കൈതക്കല്‍ സ്വദേശിയാണ്.