പേരാമ്പ്രയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; രോഗവാഹകരെ കണ്ടെത്താന്‍ കൂടുതല്‍ ടെസ്റ്റ് ക്യാമ്പുകള്‍, കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളിലും നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
രോഗവാഹകരെ കണ്ടെത്താന്‍ കൂടുതല്‍ പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണവും പിന്തണയുമുണ്ടായാല്‍ മാത്രമാണ് നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പിന്തുണയാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലായതിനാലാണ് പേരാമ്പ്ര പഞ്ചായത്ത് മുഴുവനായും കണ്ടെയിന്‍മെന്റ് സോണായത്. നിലവില്‍ പഞ്ചായത്തില്‍ 290ന് മുകളില്‍ ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പതിനൊന്നാം വാര്‍ഡിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമകാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ പതിമൂന്നാം വാര്‍ഡില്‍ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കും. അതോടൊപ്പം നാളെ മുതല്‍ പഞ്ചായത്തില്‍ ഡി.സി.സി പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. നിലവില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഡി.സി.സി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ രോഗം സ്ഥിരീകരിക്കുന്നവരെ ഇങ്ങോട്ട് മാറ്റും.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ പോലീസ് പെട്രോളിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്ടറല്‍ മജിസ്‌ട്രേറ്റിനും പോലീസിനുമാണ് ഇതിനുള്ള ചുമതലയെന്നും പ്രസിഡന്റ് പറഞ്ഞു.