പേരാമ്പ്രയിലെ നിപ വൈറസ്: ആഷിഖ് അബു സിനിമയില്‍ കാണിച്ചത് സത്യമോ? സാബിത്തിലേക്ക് വൈറസ് എത്തിയത് എങ്ങനെ


കോഴിക്കോട്: നിപയുടെ ആശങ്ക പതിയെ അകലുകയാണ് കോഴിക്കോട്ടുനിന്ന്. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന്‍ നിപ ബാധിച്ചു മരിച്ച ദാരുണസംഭവത്തിനു ശേഷം ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജാഗ്രത തുടരുന്നുണ്ടെങ്കിലും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെല്ലാം നെഗറ്റീവ് ആണെന്ന ആശ്വാസകരമായ വാര്‍ത്തകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. നിപയ്ക്കു കാരണമായ വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകളും തുടങ്ങിക്കഴിഞ്ഞു.

നിപയ്ക്കു വാക്സീന്‍ കണ്ടുപിടിച്ചിട്ടുണ്ടോ? കൊറോണയേക്കാള്‍ ഭയക്കണോ നിപയെ?
2018ല്‍ കോഴിക്കോട്ടുണ്ടായ നിപ്പ വ്യാപനത്തിന്റെ ഉറവിടം വവ്വാലുകളിലാണെന്ന് ദേശീയ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വവ്വാലുകളില്‍നിന്ന് നിപ വൈറസ് എങ്ങനെ മനുഷ്യനിലെത്തി എന്ന ചോദ്യം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു.

2018ലെ നിപ വ്യാപനത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്‌സ് ഈ ചോദ്യത്തിന്റെ ഉത്തരം തരാന്‍ ശ്രമിച്ചിട്ടുണ്ട്. നിപ ബാധിച്ച് ആദ്യം മരിച്ച സാബിത്തിന്റെ സുഹൃത്ത്, ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി ബീരാന്‍കുട്ടിയും ദൃക്‌സാക്ഷി വിവരണത്തിലൂടെ ആ ക്ലൈമാക്‌സിനു സമാനമായ ഒരുത്തരം നല്‍കുന്നുണ്ട്.

സിനിമയുടെ ക്ലൈമാക്‌സും ബീരാന്‍കുട്ടിയുടെ വിശദീകരണവും ഏകദേശം സമാനവുമാണ്. നിപ വ്യാപനത്തിനു ശേഷം ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ബീരാന്‍കുട്ടിയുടെ വിശദീകരണം പ്രസിദ്ധീകരിക്കപ്പെടുന്നതും സിനിമ റിലീസാകുന്നതും. ബീരാന്‍കുട്ടിയും ‘വൈറസ്’ സിനിമയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വവ്വാലിലെ വൈറസ് മനുഷ്യനിലെത്തിയത് ബീരാന്‍കുട്ടിയും സിനിമയും പറയുന്നതു പോലെത്തന്നെയാണോ?

ഭീതി വിതച്ച നിപ

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ചാത്തമംഗലം സ്വദേശി നിപ ബാധിച്ചു മരിച്ച വാര്‍ത്ത കോഴിക്കോട്ടുകാരെ 3 വര്‍ഷം പിറകിലേക്കാണു കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 2018 മേയിലേക്ക്. അത്രയും ഭീതിജനകമായ നാളുകളിലൂടെ സമീപകാലത്തൊന്നും കോഴിക്കോട് കടന്നുപോയിട്ടില്ല. മേയ് 5 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ 21 പേരാണ് നിപ വ്യാപനത്തെ തുടര്‍ന്നു മരണമടഞ്ഞത്. കോഴിക്കോടിനെ വിറപ്പിച്ച രോഗവ്യാപനമായിരുന്നു അത്.

ലോക്ഡൗണ്‍ എന്ന പദമൊക്കെ കേള്‍ക്കുന്നതിനു മുന്‍പുതന്നെ കോഴിക്കോട് നഗരം വിജനമായ കാലം. 2018 മേയ് 5നാണ് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്ത് (26) പനി ബാധിച്ചു കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞത്. മേയ് 2നു പനി തുടങ്ങിയ സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സാബിത്തിന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണവും അന്നു കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല.

സാബിത്തിന്റെ മരണം നിപ ബാധിച്ചാണെന്ന സംശയം ആരംഭിക്കുന്നത് മേയ് 17ന് അദ്ദേഹത്തിന്റെ സഹോദരനായ സാലിഹിനെ സമാനമായ രോഗലക്ഷണങ്ങളോടെ ബേബി മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്. അന്നേ ദിവസം തന്നെ സാബിത്തിന്റെ പിതാവ്, പിതൃസഹോദരന്റെ ഭാര്യ എന്നിവരെയും സമാനമായ ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്തു. ഇതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതോടെയാണ് നിപ സ്ഥിരീകരിക്കുന്നത്.

അതിനിടെ പേരാമ്പ്രയിലും കോഴിക്കോട്ടും 4 അസ്വഭാവിക മരണങ്ങളും നടന്നിരുന്നു. ഇതെല്ലാം നിപ മരണങ്ങളായിരുന്നെന്ന് പിന്നീട് കണ്ടെത്തി. സാബിത്ത് ആയിരുന്നു ആദ്യ രോഗിയെന്നും സ്ഥിരീകരിച്ചു. സാബിത്തില്‍നിന്നു നേരിട്ടും അല്ലാതെയും 23 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്കാണ്. അതുകൊണ്ടുതന്നെ ഔദ്യോഗിക കണക്കില്‍ 18 മരണങ്ങളാണുണ്ടായിരുന്നത്.

രോഗത്തിന്റെ ഉറവിടം തേടിയുള്ള പഠനങ്ങള്‍ എത്തിനിന്നത് വവ്വാലുകളിലാണ്. വൈറസ് ബാധയുണ്ടായത് പഴംതീനി വവ്വാലില്‍നിന്നാണെന്നു (റ്റെറോപ്പസ് വിഭാഗം) ഐസിഎംആര്‍ സ്ഥിരീകരിച്ചു. സൂപ്പിക്കടയിലെ വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസിന്റെ ജനിതക ഘടനയ്ക്കു മനുഷ്യനില്‍ കണ്ടെത്തിയ വൈറസിന്റേതുമായി 99.7 ശതമാനം മുതല്‍ 100 ശതമാനം വരെ സാമ്യമുണ്ടെന്ന കണ്ടെത്തല്‍ 2019 മേയില്‍ ഐസിഎംആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാല്‍, വവ്വാലില്‍നിന്ന് എങ്ങനെ രോഗം സാബിത്തിലെത്തി എന്നതിന് വിശദീകരണം നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. ഒട്ടേറെ പഠനങ്ങള്‍ ഈ വഴിക്കു നടന്നു. മൃഗങ്ങളെയും പക്ഷികളെയും സ്‌നേഹിച്ചിരുന്ന സാബിത്ത് അവരുമായി സമ്പര്‍ക്കത്തിലുണ്ടാകാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. എന്നാല്‍, ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ സാബിത്തിന്, മരിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പ് വവ്വാലുകളുമായി സമ്പര്‍ക്കമുണ്ടായി എന്നു തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

നേര്‍ക്കാഴ്ചയായി ‘വൈറസ് ‘

2018ല്‍ കോഴിക്കോട്ടുണ്ടായ നിപ വ്യാപനത്തെ ഒരു പരിധി വരെ കൃത്യമായി മലയാളികള്‍ക്കു കാട്ടിത്തന്ന ചലച്ചിത്രമാണു ‘വൈറസ്’. 2019 ജൂലൈയില്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, ഇന്ദ്രജിത്ത്, പാര്‍വതി തുടങ്ങിയവര്‍ കോഴിക്കോട്ട് നിപ്പയെ നേരിട്ട സംഘത്തെ അവതരിപ്പിച്ചു. നിപ്പ വ്യാപനം എങ്ങനെയുണ്ടായി എന്ന അന്വേഷണം സിനിമയിലും നടത്തുന്നുണ്ട്. സാബിത്തിന് വവ്വാലുമായി സമ്പര്‍ക്കമുണ്ടായതായി പറഞ്ഞുവച്ചാണ് സിനിമ അവസാനിക്കുന്നത്.

സക്കരിയ എന്ന പേരാണു സിനിമയില്‍ സാബിത്തിന്റെ കഥാപാത്രത്തിനു നല്‍കിയിരിക്കുന്നത്. സക്കരിയ ഒറ്റയ്ക്ക് ഒരു കാട്ടുവഴിയിലൂടെ ബൈക്കോടിച്ചു പോകുമ്പോള്‍ ഒരു കുഞ്ഞു വവ്വാല്‍ റോഡില്‍ കിടക്കുന്നതായി കാണുന്നു. ബൈക്ക് നിര്‍ത്തി പുറത്തിറങ്ങി മൊബൈലില്‍ വവ്വാലിന്റെ ചിത്രമെടുത്ത ശേഷം അതിനെ എടുത്ത് അടുത്തുള്ള മരത്തിന്റെ പൊത്തിലേക്കു വയ്ക്കുന്നു. ഇങ്ങനെയാണ് ചിത്രം അവസാനിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതു നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയില്ല.

ബീരാന്‍കുട്ടി പറയുന്നത്…

വൈറസിന്റെ അവസാനഭാഗത്തു കാണിക്കുന്ന സംഭവത്തിനു സമാനമായ വിശദീകരണമാണ് സൂപ്പിക്കട സ്വദേശിയായ ബീരാന്‍കുട്ടി നല്‍കുന്നത്. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ചങ്ങരോത്ത് പന്തിരിക്കരയില്‍നിന്ന് സൂപ്പിക്കട വരെ സാബിത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നു ബീരാന്‍കുട്ടി പറയുന്നു. പന്തിരിക്കര ജംക്ഷനില്‍ നില്‍ക്കേ, സാബിത്ത് തന്നെയാണു സൂപ്പിക്കടയില്‍ ഇറക്കാം എന്നു പറഞ്ഞ് തന്നെ ബൈക്കില്‍ വിളിച്ചുകയറ്റിയത്.

യാത്രാമധ്യേ പള്ളിക്കുന്നില്‍ വച്ച് മരത്തിനു മുകളില്‍നിന്ന് ഒരു വവ്വാല്‍ സാബിത്തിന്റെ ബൈക്കിനു മുന്നിലേക്കു വീണു. പള്ളിക്കുന്ന് വവ്വാലുകള്‍ നിറഞ്ഞ ഒരു പ്രദേശമാണ്. ബൈക്ക് നിര്‍ത്തി പുറത്തിറങ്ങിയ സാബിത്ത് വവ്വാലിനെ എടുത്ത് റോഡരികിലേക്കു മാറ്റിവച്ചെന്നും ബീരാന്‍കുട്ടി പറയുന്നു. അതിനുശേഷമാണ് സാബിത്തിന് രോഗം വരുന്നതും 2018 മേയ് 5നു മരിക്കുന്നതും.

വൈറസ് സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ വവ്വാലിനെ കയ്യിലെടുക്കുന്ന സക്കരിയയുടെ കഥാപാത്രം.
തുടക്കത്തില്‍ നിപ്പയാണെന്നു തിരിച്ചറിയാത്തതിനാല്‍ ബീരാന്‍കുട്ടി ഈ സംഭവം കാര്യമായെടുത്തിരുന്നില്ല. പനിയും ചുമയും ഉണ്ടായതിനെത്തുടര്‍ന്ന് മേയ് 18നു ബീരാന്‍കുട്ടിയെ ഗവ.മെഡിക്കല്‍ കോളജില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, നിപ്പ പരിശോധനാഫലം നെഗറ്റീവായിരുന്നു. സംഭവം നടന്നു കുറേ മാസങ്ങള്‍ക്കു ശേഷം, നിപയുടെ ഉറവിടം തേടി വന്നവരോടു താന്‍ ഈ സംഭവം പറഞ്ഞിട്ടുണ്ടെന്നു ബീരാന്‍കുട്ടി പറയുന്നു. എന്നാല്‍, ഇതു സത്യമാണോ വ്യാജമാണോ എന്നതിലേക്ക് അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ബീരാന്‍കുട്ടിയുടെ വിശദീകരണം ഒരു റിപ്പോര്‍ട്ടിലും ഇടം കണ്ടിട്ടില്ല.

വൈറസും ബീരാന്‍കുട്ടിയും തമ്മില്‍?

ബീരാന്‍കുട്ടി പറയുന്ന കഥയും വൈറസിന്റെ ക്ലൈമാക്‌സും തമ്മില്‍ ചില വ്യത്യാസങ്ങളുമുണ്ട്. സിനിമയില്‍ സക്കരിയ ഒറ്റയ്ക്കു ബൈക്ക് ഓടിച്ചുപോകുന്നതായാണു കാണിക്കുന്നത്. അതുകൊണ്ടുതന്നെ സാബിത്ത് വവ്വാലിനെ എടുക്കുന്നത് കണ്ടവരാരുമില്ല. ബീരാന്‍കുട്ടിയുടെ വിശദീകരണത്തില്‍ താന്‍ സാബിത്തിനു പിന്നിലുണ്ടായിരുന്നതായി പറയുന്നു. 2019 ജൂണിലാണു വൈറസ് സിനിമ റിലീസ് ചെയ്യുന്നത്. ബീരാന്‍കുട്ടി പറയുന്ന സംഭവം ആദ്യമായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വരുന്നത് 2019 മേയിലും. അതിനാല്‍ സിനിമ കണ്ട ശേഷമാണ് ബീരാന്‍കുട്ടി ഇങ്ങനെയൊരു വാദമുയര്‍ത്തുന്നതെന്നും പറയാന്‍ സാധിക്കില്ല.

തങ്ങള്‍ ബീരാന്‍കുട്ടിയോട് സംസാരിച്ചിട്ടില്ലെന്നു സിനിമയുടെ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി പറയുന്നു. സിനിമയുടെ ചിത്രീകരണമൊക്കെ കഴിഞ്ഞ ശേഷം റിലീസിനു മുന്‍പാണ് ബീരാന്‍കുട്ടി എന്നൊരാള്‍ ഇത്തരമൊരു സംഭവം വിശദീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. അന്ന് ഒരു കൗതുകം തോന്നിയെങ്കിലും യാദൃച്ഛികമാകാം എന്നാണു കരുതിയത്. നിപ്പ വ്യാപനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വസ്തുതകളോടു പരമാവധി നീതിപുലര്‍ത്താന്‍ മാത്രമാണു ശ്രദ്ധിച്ചത്. മറ്റു സംഭവങ്ങളെല്ലാം ഫിക്ഷനായി മാറ്റിയെഴുതാനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ചിട്ടുണ്ടെന്നും മുഹ്‌സിന്‍ പറയുന്നു.

‘സാബിത്തിന്റെ സ്വഭാവത്തെപ്പറ്റി പലരില്‍നിന്നു കേട്ടു മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണു ക്ലൈമാക്‌സ് സീന്‍ എഴുതിയത്. മൃഗങ്ങളോടും പക്ഷികളോടുമൊക്കെ കൗതുകം വച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. വവ്വാലില്‍നിന്ന് വൈറസ് എങ്ങനെ സാബിത്തിലെത്തി എന്നതിനു ഞങ്ങള്‍ തന്നെ നല്‍കിയ ഭാഷ്യമാണ് അവസാന സീനില്‍ കാണുന്നത്’ മുഹ്‌സിന്‍ പറഞ്ഞു.

വീണ്ടുമൊരു നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബീരാന്‍കുട്ടിയുടെ വാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ബീരാന്‍കുട്ടിയുടെ വാദങ്ങള്‍ വിശ്വാസ്യയോഗ്യമായി കണക്കിലെടുക്കാമെന്നു 2018ല്‍ നിപ്പ തിരിച്ചറിഞ്ഞ സംഘത്തിലെ അംഗവും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍റ്റന്റുമായ ഡോ.എ.എസ്.അനൂപ്കുമാര്‍ പറയുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ ശരിയാണെങ്കില്‍ 2018ല്‍ നിപ്പ വൈറസ് എങ്ങനെ മനുഷ്യനിലെത്തി എന്നതിനു സ്ഥിരീകരണമാകും. എന്നാല്‍, അതിനായി കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടിവരും. 2018ലെ വൈറസിന്റെ സാന്നിധ്യം ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ച്.