പേരാമ്പ്രക്കാരുടെ സിനിമ സ്വപ്‌നങ്ങള്‍ക്ക് ഗുഡ് ബൈ പറയാന്‍ സമയമായോ ? മലയാള നടന്‍മാരെ നെഞ്ചിലേറ്റിയ സിനിമകൊട്ടകയ്ക്ക് ഇനി ലഹരിയുടെ മണം; ബെവ്‌കോ മദ്യ വില്പനശാല ഇനി ചെമ്പ്ര റോഡിലെ ഈ തിയറ്ററിലേക്ക്‌


പേരാമ്പ്ര: മലയാളത്തിന്റെ പ്രിയ താരങ്ങളെ പേരാമ്പ്രക്കാര്‍ക്ക് സുപരിചിതമാക്കിയ സംഗം തിയറ്ററില്‍ ഇനി ആര്‍പ്പുവിളികളും ആരവങ്ങളും മുഴങ്ങുമോ? സത്യനും, പ്രേംനസീറും തുടങ്ങി പുതിയ കാല നടന്മാരെ വരെ ഇവിടത്തുകാരുടെ ഹൃദയത്തിലിരുത്തിയ സംഗം തിയേറ്റര്‍ സിനിമയോട് വിട പറയാനുള്ള ഒരുക്കത്തിലാണ്.

പേരാമ്പ്ര പട്ടണത്തിന് മധ്യത്തിലായി നിലകൊള്ളുന്ന സര്‍ക്കാരിന്റെ മദ്യ വില്പനശാല ആധുനിക സൗകര്യങ്ങളോടെ ഇവിടേക്ക് മാറുന്നതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാവുകയാണ്. പേരാമ്പ്ര ടിബി റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യ വില്പനശാലയുടെ ഔട്ട്ലറ്റില്‍ നിത്യേന നൂറുകണക്കിനാളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത്.

കുറ്റ്യാടി കോഴിക്കോട് പാതയുടെ ഓരത്ത് പട്ടണത്തിന് നടുവിലായി കാലത്ത് മുതല്‍ നീണ്ട നിര പ്രത്യക്ഷപ്പെടുന്നത് വൈകുന്നത് വരെ തുടരുന്നു. ഇത് മദ്യം വാങ്ങാനെത്തുന്നവര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും ഒരുപോലെ ബുദ്ധിബുട്ട് സൃഷ്ടിക്കുന്നു.

ഓട്ട്ലെറ്റിന്റെ ഇരുഭാഗത്തേക്കും നീളുന്ന ക്യൂ കാല്‍നടയാത്രക്കാര്‍ക്ക് നടന്ന് പോവുന്നതിനും വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ എത്തുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് വന്നിരുന്നു. അസൗകര്യങ്ങള്‍ക്കിടയിൽ വീര്‍പ്പ് മുട്ടുന്ന ബെവ്കോ മദ്യ വില്പനശാല ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

സംസ്ഥാന പാതയോരത്ത് മദ്യ വില്പനശാലകള്‍ പാടില്ലെന്ന കോടതി ഉത്തരവ് വന്നതോടെ ഇവിടെ നിന്ന് പൈതോത്ത് റോഡിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും ശക്തമായ ജനകീയ സമരം വിജയം കാണുകയായിരുന്നു. മദ്യ വില്പനശാല ചെമ്പ്ര റോഡിലെ ആളൊഴിഞ്ഞ പ്രദേശത്തുള്ള തിയ്യറ്ററിലേക്ക് മാറ്റുന്നതോടെ വ്യാപാരികള്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാനിടയില്ല.

മാത്രവുമല്ല പായയോരത്ത് നാട്ടുകാരും ബന്ധുക്കളും കാണെ ക്യൂ നില്‍ക്കേണ്ട അവസ്ഥ ഇവിടെ ഉണ്ടാവില്ല.ടിബി റോഡില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്ത് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ചില്ലറയല്ല. ഇവിടെ വിശാലമായ പര്‍ക്കിംഗ് സൗകര്യമുവുണ്ട്.

കാശ് കൊടുത്ത് മദ്യം വാങ്ങുന്നവനെ വെയിലത്തും മഴയത്തും നിര്‍ത്തി എന്ന ആക്ഷേപം കോര്‍പ്പറേഷന്‍ കേള്‍ക്കേണ്ടിയും വരില്ല. കോര്‍പ്പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റും വില്പനകേന്ദ്രവും ഒന്നിച്ചായിരിക്കും ഇവിടെ ഒരുക്കുക എന്നാണ് അറിയുന്നത്.നിലവിലെ വില്പനശാലയില്‍ രണ്ട് കൗണ്ടറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇവിടെ കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്നതോടെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയും.

ഇന്നല്ലെങ്കില്‍ നാളെ നല്ലൊരു മള്‍ട്ടിപ്ലക്സ് ഇവിടെ ഉയരുമെന്ന സിനിമാ പ്രേമികളുടെ മനക്കോട്ടകള്‍ക്ക് വിരാമമിട്ടുകൊണ്ട് പുതിയൊരു മേഖലയിലേക്ക് തിയ്യറ്ററിനെ മാറ്റാനൊരുങ്ങുകയാണ്.