പെറുവിന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ; എതിരാളി അർജന്റീനയോ?


കോഴിക്കോട്: കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനലിൽ കടന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ നടന്ന സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീലിന്റെ ഫൈനൽ പ്രവേശനം.

ചിലിക്കെതിരായ ക്വാർട്ടറിലും ബ്രസീലിന്റെ ഏക ഗോൾ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തിൽ പിറന്ന ഏക ഗോൾ നേടിയത്. 35-ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. മൈതാന മധ്യത്തു നിന്ന് റിച്ചാർലിസൻ നൽകിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിൽവെച്ച് നെയ്മർ നൽകിയ പാസ് ആരാലും മാർക്ക് ചെയ്യാതിരുന്ന പക്വേറ്റയ്ക്ക് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

മത്സരത്തിലുടനീളം ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പെറുവിനായി. ഇരു ടീമിലെയും ഗോൾകീപ്പർമാർ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

എട്ടാം മിനിറ്റിൽ തന്നെ മുന്നിലെത്താനുള്ള നെയ്മർ അവസരം നഷ്ടപ്പെടുത്തി. പിന്നാലെ 19-ാം മിനിറ്റിലാണ് ബ്രസീലിന് മത്സരത്തിലെ തന്നെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാൽ ഗോൾകീപ്പർ പെഡ്രോ ഗല്ലീസെ പെറുവിന്റെ രക്ഷയ്ക്കെത്തി. ഇരട്ട സെവുമായി താരം കൈയടി നേടി. പക്വേറ്റയുടെ പാസിൽ നിന്നുള്ള നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് പോയന്റ്ബ്ലാങ്ക് റേഞ്ചിലാണ് ഗല്ലീസെ ആദ്യം തടഞ്ഞിട്ടത്. പിന്നാലെ റീബൗണ്ടിൽ നിന്നുള്ള റിച്ചാർലിസന്റെ ഷോട്ടും ഗല്ലീസെ രക്ഷപ്പെടുത്തി. ഈ ശ്രമത്തിനിടെ പന്ത് മുഖത്തിടിച്ച ഗല്ലീസെയ്ക്ക് തുടർന്ന് മൈതാനത്ത് ചികിത്സ തേടേണ്ടതായും വന്നു.

രണ്ടാം പകുതിയിൽ മികച്ച രണ്ട് അവസരങ്ങൾ സൃഷ്ടിച്ചത് പെറുവായിരുന്നു. ഇത്തവണ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സൺ മോറെസ് അവരുടെ രക്ഷയ്ക്കെത്തി. 49-ാം മിനിറ്റിൽ ലാപഡുലയുടെ ഷോട്ട് രക്ഷപ്പെടുത്തിയ എഡേഴ്സൺ 61-ാം മിനിറ്റിൽ റസിയെൽ ഗാർസിയയുടെ ഷോട്ടിലും ബ്രസീലിന്റെ രക്ഷകനായി.

അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ ബ്രസീൽ ഒരു ഗോളിന്റെ ലീഡുമായി ഒടുവിൽ ഫൈനലിലേക്ക് മുന്നേറി.

ബുധനാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ അർജന്റീന – കൊളംബിയ മത്സര വിജയികളെ ഫൈനലിൽ ബ്രസീൽ നേരിടും. 2007-ന് ശേഷം കോപ്പ അമേരിക്കയിൽ മറ്റൊരു ബ്രസീൽ – അർജന്റീന ഫൈനലിനാണ് കളമൊരുങ്ങുന്നത്.