പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം വരുന്നു; പുതിയ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ 50 സെന്റ് സ്ഥലം


പേരാമ്പ്ര: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ 50 സെന്റ് ഭൂമിക്ക് ഉപയോഗാനുമതി നൽകി ഉത്തരവായി. പെരുവണ്ണാമൂഴി ടൗണിനു സമീപം ജലവിഭവവകുപ്പിന്റെ കീഴിൽ കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഭൂമിയാണ് ആഭ്യന്തരവകുപ്പിന് കൈമാറുന്നത്. കോഴിക്കോട് റൂറൽ പോലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡിയാണ് ഉത്തരവിറക്കിയത്.

ഇതിനുള്ള ശ്രമങ്ങൾ 2018 മുതൽ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകാൻ താമസിക്കുകയായിരുന്നു. സ്ഥലം അളന്ന് ഫയൽ റവന്യൂവിഭാഗത്തിന് കൈമാറിയിട്ട് തന്നെ രണ്ടര വർഷം പിന്നിട്ടിരുന്നു. ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനായി വനംവകുപ്പിന്റെ പരിശോധനാറിപ്പോർട്ടും കഴിഞ്ഞവർഷം ആദ്യം നൽകിയതാണ്. എന്നാൽ തുടർനടപടികൾ താമസിക്കുകയായിരുന്നു.

രണ്ട് സേവനവകുപ്പുകൾ തമ്മിലുള്ള ഭൂമികൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായാണ് ഉത്തരവ്. ഭൂമി അളന്ന് തിരിച്ച് സ്കെച്ച് തയ്യാറാക്കി ആഭ്യന്തരവകുപ്പിന് കൈമാറാൻ തഹസിൽദാർ ക്രമീകരണം നടത്തണമെന്നും റവന്യൂ റെക്കോഡുകളിൽ ആവശ്യമായ ഭേദഗതിവരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

പന്തിരിക്കര ടൗണിലെ വാടകക്കെട്ടിടത്തിന്റെ മുകൾനിലയിൽ സൗകര്യങ്ങളില്ലാതെ സ്ഥലപരിമിതികളാൽ വീർപ്പുമുട്ടിയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്ഥലം കൈമാറ്റം പൂർണമായാൽ കെട്ടിട നിർമാണത്തിന് വേഗത്തിൽ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ട്. മാവോവാദി ഭീഷണിയുള്ളതായി കണക്കാക്കിയിട്ടുള്ളതിനാൽ പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും.

പെരുവണ്ണാമൂഴി ഡാംസൈറ്റിന് സമീപം ജലസേചനവിഭാഗത്തിന്റെ സ്ഥലത്തായിരുന്നു പഴയ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കത്താൽ ഉപയോഗയോഗ്യമല്ലാതായതോടെ 2015-ൽ പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് മാറുകയായിരുന്നു. നാലുമുറികളിലാണ് സ്റ്റേഷന്റെ പ്രവർത്തനം. 31 പോലീസ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന സ്റ്റേഷൻ സ്ഥലപരിമിതികളാൽ വീർപ്പുമുട്ടുകയാണ്. ഫർണിച്ചറുകൾക്കിടയിൽ ഉദ്യോഗസ്ഥർക്ക് ഇരിക്കാൻപോലും മതിയായ സ്ഥലമില്ല. മുറിയുടെ ഒരുഭാഗം വേർതിരിച്ചാണ് ഇൻസ്പെക്ടർക്ക് ഇരിക്കാൻ മുറിയൊരുക്കിയത്. പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ പിടിച്ചാൽ വഴിയരികിൽതന്നെ നിർത്തിയിടുകയും വേണം.