പെരുവണ്ണാമൂഴി ഡാം ടൂറിസം നവംബറില്‍ കമീഷന്‍ ചെയ്യും: ടി.പി രാമകൃഷ്ണന്‍
പേരാമ്പ്ര: ജലസേചന വകുപ്പും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നവംബര്‍ ആദ്യവാരം കമീഷന്‍ ചെയ്യുമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. 3.13 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, ടൈല്‍ പാകിയ നടപ്പാതകള്‍, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ്‌സ്‌കേപ്പിങ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ്, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ അവലോകനംചെയ്യാനായി പെരുവണ്ണാമൂഴി ഐബിയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ തേജ് ലോഹിത് റെഡ്ഡി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ജലസേചന വകുപ്പ് സുപ്രണ്ടിങ് എന്‍ജിനിയര്‍ എസ്.കെ രമേശന്‍, കുറ്റ്യാടി പദ്ധതി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജയരാജന്‍ കണിച്ചേരി, അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി.എച്ച് ഹബി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സി.പി ബീന, എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയുടെ നടത്തിപ്പ്, പരിപാലനം എന്നിവയുടെ ചുമതല എംഎല്‍എ ചെയര്‍മാനും ജലസേചന വകുപ്പ് എക്‌സി.എന്‍ജിനിയര്‍ സെക്രട്ടറിയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്, ഡിടിപിസി സെക്രട്ടറി തുടങ്ങിയവരുള്‍പ്പെടുന്ന കമ്മിറ്റിക്കായിരിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനും ടൂറിസം പദ്ധതിക്കാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും അടുത്ത മാസം ചേരുന്ന ടൂറിസം കമ്മിറ്റി യോഗം അംഗീകാരം നല്‍കും. പദ്ധതി കമീഷന്‍ ചെയ്യുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി പെരുവണ്ണാമൂഴി മാറും.