പെരുവണ്ണാമൂഴി ഡാം ടൂറിസം: പദ്ധതി സെപ്‌റ്റംബറിൽ പൂർത്തിയാക്കും
പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി വേഗത്തിൽ പൂർത്തിയാക്കി സെപ്‌റ്റംബറിൽ നാടിന് സമർപ്പിക്കും. 3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയിൽ നടപ്പാക്കുന്നത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു പ്രവൃത്തി ഉദ്ഘാടനം. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. യുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം പദ്ധതിപുരോഗതി വിലയിരുത്തി. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേനയാണ് പ്രവൃത്തി നടത്തുന്നത്.
കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ്. പദ്ധതിയുടെ നിർവഹണം. ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ്‌സ്കേപ്പിങ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിങ് സൗകര്യം, ഗേറ്റ് നവീകരണം, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്.
എം.എൽ.എ. ചെയർമാനും ജില്ലാ കളക്ടർ സെക്രട്ടറിയും ഡി.ടി.പി.സി. എക്സിക്യൂട്ടിവ് എൻജിനിയർ, ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന, എസ്.കെ. സജീഷ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.