പെരുവണ്ണാമൂഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞത് മരുതോങ്കരക്കാരുടെ പ്രിയപ്പെട്ടവന്‍, ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് വേദന സമ്മാനിച്ച് അവന്‍ യാത്രയായി, അഭിജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ച് മരുതോങ്കര
പേരാമ്പ്ര: അഭിജിത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് നടുങ്ങി നില്‍ക്കുകയാണ് മരുതോങ്കരക്കാര്‍. രാവിലെ ഉത്സാഹത്തോടെ കണ്ട അഭിജിത്ത് ഇനി തിരുച്ചു വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും കഴിയുന്നില്ല. ഇന്ന് ഉച്ചയ്ക്ക് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ വീണാണ് പാറച്ചാലില്‍ പ്രകാശന്റെ മകന്‍ ഇരുപത്തി രണ്ടു വയസ്സുള്ള അഭിജിത്ത് മരണപ്പെട്ടത്.
അടുത്ത പ്രദേശമായ മുള്ളന്‍കുന്നില്‍ നിന്നും ചൂണ്ടയിട്ട് മീന്‍ പിടിക്കാനാണ് അഭിജിത്തും സുഹൃത്തുക്കളും പെരുവണ്ണാമൂഴി റിസര്‍വോയറിലെത്തിയത്. ആറംഗ സംഘമാണ് പെരുവണ്ണാമൂഴിയലെത്തിയത്. എന്നാല്‍ അഭിജിത്തും മറ്റൊരു സുഹൃത്തുമാണ് മീന്‍ പിടിക്കാനായി റിസര്‍വോയറിലിറങ്ങിയത്. നീന്തലറിയാത്ത അഭിജിത്തും മറ്റൊരു സുഹൃത്തും കൂടി വള്ളത്തില്‍ പോകുമ്പോള്‍ അഭിജിത്തിന്
അപസ്മാരം വന്ന് വെള്ളത്തിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. 15 മീറ്ററോളം ആഴമുള്ള സ്ഥലത്തുവെച്ചാണ് അപകടം നടന്നത്. കൂടെയുള്ള പയ്യന്റെ കരച്ചില്‍ കേട്ട് അയല്‍വാസി കരയില്‍നിന്നും നീന്തി എത്തുമ്പോളേക്കും അപകടത്തില്‍ പെട്ടയാള്‍ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയിരുന്നു.
അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പെരുവണ്ണാമൂഴി പൊലീസും പേരാമ്പ്ര അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സുഹൃത്തിനെ ഉടന്‍ തന്നെ കരയിലെത്തിച്ചു.
തുടര്‍ന്ന് തുടര്‍ന്ന് രണ്ട് മണിക്കുറോളം നടത്തിയ തിരച്ചിലിലാണ് അഭിജിത്തിന്റെ മൃതദേഹം ലഭിക്കുന്നത്. ഉടന്‍ തന്നെ കുറ്റ്യാടി താലുക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റ്യാടി താലുക്ക് ആശുപത്രിയില്‍ സൂക്ശിച്ചിരക്കുന്ന അഭിജിത്തിന്റെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ട് നല്‍കും.
പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി. പി. ഗിരീഷ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ സി. കെ മുരളീധരന്‍, സി. സജീവന്‍, സീനിയര്‍ ഫയര്‍ ഓഫിസര്‍ പി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. ഇവര്‍ക്കൊപ്പം നാട്ടുകാരും കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റസ്‌ക്യൂം ടീം അംഗങ്ങളും ഉണ്ടായിരുന്നു.