പെരുവണ്ണാമൂഴിയിലെ സപ്പോര്‍ട്ട് ഡാം നിര്‍മാണം: നാലു പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങിയിട്ട് പത്തുദിവസം, ബദല്‍സംവിധാനമായില്ല


പേരാമ്പ്ര: പെരുവണ്ണാമൂഴി അണക്കെട്ടില്‍ സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി നാലുപഞ്ചായത്തുകളില്‍ തടസ്സപ്പെട്ട ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ പത്തുദിവസത്തിനിപ്പുറവും ബദല്‍സംവിധാനമായില്ല. ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ജലവിതരണം ഭാഗികമായി മുടങ്ങിയത്.

ജനുവരി പതിനാല് മുതലാണ് കുടിവെള്ളവിതരണം മുടങ്ങിയത്. 10 ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും ബദല്‍സംവിധാനമായിട്ടില്ല.

അണക്കെട്ടില്‍നിന്ന് കനാലിലൂടെ തുറന്നുവിടുന്ന വെള്ളമാണ് റിവര്‍ സര്‍പ്ലസ് ഷട്ടറിന്റെ ഭാഗത്തുള്ള പൈപ്പ് വഴി പമ്പ് ഹൗസിലേക്ക് എത്തിക്കുന്നത്. അണക്കെട്ടിന്റെ മുന്‍ഭാഗത്ത് സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി കനാല്‍ തുടങ്ങുന്ന ഭാഗത്തുനിന്നടക്കം മണ്ണെടുത്ത് മാറ്റിയതോടെയാണ് കുടിവെള്ളവിതരണം തടസപ്പെട്ടത്.

കുറ്റ്യാടി അണക്കെട്ടില്‍ നിന്ന് ജിപ്പാന്‍ കുടിവെള്ള പൈപ്പുമായി ബന്ധിപ്പിച്ച് ജലവിതരണം നടത്താനുള്ള ശ്രമമാണ് ജല അതോറിറ്റി ഇപ്പോള്‍ നടത്തുന്നത്. ബുധനാഴ്ചയോടെ ജോലികള്‍ പൂര്‍ത്തിയാക്കി കുടിവെള്ളവിതരണം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജലഅതോറിറ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ. മോഹനന്‍ വ്യക്തമാക്കി.

അണക്കെട്ടിന്റെ മുന്‍ഭാഗത്ത് കനാലിലെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഒരുമാസംകൂടി എടുക്കുമെന്നാണ് ജലസേചനവിഭാഗം ജലഅതോറിറ്റിയെ അറിയിച്ചിട്ടുള്ളത്. കുറ്റ്യാടി അണക്കെട്ടില്‍ നിന്നും താല്‍ക്കാലിക സൗകര്യം ഒരുക്കുന്നതുവരെ ഈ നാലു പഞ്ചായത്തുകളുടെ ചെലവില്‍ ടാങ്കര്‍ ലോറി എത്തിച്ചാല്‍ പെരുവണ്ണാമൂഴിയില്‍ നിന്നും വെള്ളം നിറച്ചുകൊടുക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

അണക്കെട്ടിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കുടിവെള്ളവിതരണം തടസ്സപ്പെടുമെന്നുകാണിച്ച് നവംബറില്‍ത്തന്നെ ജലസേചനവിഭാഗം ജലഅതോറിറ്റിക്ക് കത്തുനല്‍കിയിരുന്നു. തുടര്‍ന്ന്, ജപ്പാന്‍ പദ്ധതിയില്‍നിന്ന് പെരുവണ്ണാമൂഴിയിലെ നേരത്തേയുള്ള ജലഅതോറിറ്റി പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കാന്‍ പ്രവൃത്തി നടത്താനുള്ള അടങ്കല്‍ അംഗീകാരത്തിനായും സമര്‍പ്പിച്ചു. അനുമതി ലഭിച്ച് കരാര്‍ നല്‍കി പ്രവൃത്തി നടത്താന്‍ താമസിച്ചതാണ് ഇപ്പോള്‍ കൂടുതല്‍ ദിവസങ്ങള്‍ കുടിവെള്ളം മുടങ്ങാന്‍ കാരണമായത്.