പെരുവണ്ണാമുഴിയിലെ വന്യമൃഗ ശല്യം പരിഹരിക്കും, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും – ടി.പി രാമകൃഷ്ണന്‍ എംഎല്‍എ
പേരാമ്പ്ര: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി കൃഷി നാശം സംഭവിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
കൃഷിയുടെയും ജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നും വന്യമൃഗശല്യത്തില്‍ കൃഷിനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും എം എല്‍ എ പറഞ്ഞു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി വനാതിര്‍ത്തിയില്‍ സോളാര്‍ വേലി പോലുള്ളവ സ്ഥാപിക്കുന്നത് പരിഗണിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും എം എല്‍ എ പറഞ്ഞു. പെരുവണ്ണാമുഴിയിലെ പ്രശ്‌നപരിഹാരത്തിന് മന്ത്രിയെ ഉള്‍പ്പെടുത്തികൊണ്ട് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, പെരുവണ്ണാമുഴി ഡെപ്യൂട്ടി റേഞ്ചര്‍ ഷാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.