പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി


പേരാമ്പ്ര: പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഇരുപത്തി മൂന്ന് വയസ്സുള്ള മരുതോങ്കര സ്വദേശി അഭിജിത്താണ് വെള്ളത്തില്‍ മുങ്ങിപ്പോയത്. ഇന്ന് വൈകിട്ട് 3 മണിയോടെ മുതുകാട് ചെകുത്താന്‍ മുക്കിന് സമീപം കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി റിസര്‍വോയറിലാണ് സംഭവം. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.

സുഹൃത്തുക്കളായ ആറ് അംഗ സംഘം ഇവിടെ എത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്നുള്ള ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പെരുവണ്ണാമൂഴി പൊലീസും പേരാമ്പ്ര അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്‌.