പെട്രോൾപമ്പിൽ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം


കോഴിക്കോട്: കോവൂരിലെ പെട്രോൾ ബങ്കിൽ ബൈക്കിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീപിടിച്ചത്.

ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ബൈക്കിൽ പെട്രോൾ അടിച്ചശേഷം തുക വാങ്ങുന്നതിനായി കാത്തുനിൽക്കവേ പിറകിൽ വന്ന വിശാഖിന്റെ ബൈക്കിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് ഹാരിസിന്റെ ബൈക്കിന് തീപിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ഹാരിസ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.

വിശാഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽനിന്ന് അഗ്‌നിശമനസേന എത്തുന്നതിന് മുമ്പുതന്നെ പെട്രോൾ പമ്പിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.