പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശിനിയായ വീട്ടമ്മ മരിച്ചു


വടകര: സ്‌കൂട്ടറില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അഴിയൂര്‍ ചൂടിക്കൊട്ട മണ്ടോള ക്ഷേത്രത്തിന് സമീപത്തെ ഒതയോത്ത് പരവന്റവിട പ്രജിത (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പൂച്ച കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും വീണ് പ്രജിതയുടെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് മാഹിയിലും തലശ്ശേരിയിലും ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. പ്രജിതയുടെ കണ്ണുകള്‍ മെഡിക്കല്‍ കോളജ് നേത്ര ബാങ്കിന് ദാനം നല്‍കി.

പരേതനായ കുഞ്ഞിപ്പുരയില്‍ മുകുന്ദന്റെയും രേവതിയുടെയും മകളാണ്. പ്രദീപന്‍ (ഓട്ടോ മെക്കാനിക്ക്) ആണ് ഭര്‍ത്താവ്. മകന്‍: അശ്വന്ത്. സ പ്രശാന്ത് സഹോദരനാണ്.