പൂക്കാട്ടെ കൃഷ്ണ വിഗ്രഹങ്ങൾ, രാജസ്ഥാൻ സ്വദേശികളുടെ അധ്വാനം; ഇത്തവണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാരേറെ, വിഷു കളറായി


കൊയിലാണ്ടി: വിഷുനാളില്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാരെറെ. പൂക്കാട് അങ്ങാടിയില്‍ ദേശീയ പാതയോരത്ത് വര്‍ഷങ്ങളായി തമ്പടിച്ച രാജസ്ഥാന്‍ പ്രതിമാ നിര്‍മ്മാതക്കള്‍ നിര്‍മ്മിക്കുന്ന ശ്രീകൃഷ്ണ പ്രതിമകള്‍ വലിയ തോതിലാണ് ഇത്തവണ വിറ്റൊഴിഞ്ഞത്. നൂറ് രൂപ മുതല്‍ ആയിരം രൂപ വരെ വിലയുളള ശ്രീകൃഷ്ണ പ്രതിമകള്‍ ഇന്നവര്‍ നിര്‍മ്മിച്ച് വിറ്റു.

ദേശീയ പാതയോരത്തായതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തി ധാരാളം പേര്‍ പ്രതിമ വാങ്ങി. വീടുകളില്‍ കണിയൊരുക്കാനാണ് ശ്രീകൃഷ്ണ പ്രതിമകള്‍ ഉപയോഗിക്കുന്നത്. വിഷു ആഘോഷത്തിന് കണിയൊരുക്കാന്‍ ഉണ്ണിക്കണ്ണന്റ ധാരാളം വര്‍ണ്ണ പ്രതിമകള്‍ രാജസ്ഥാന്‍ പ്രതിമാ നിര്‍മ്മാതക്കള്‍ തയ്യാറാക്കിയിരുന്നു. പൂക്കാട് ദേശീയപാതയോരത്ത് വര്‍ഷങ്ങളായി താമസിക്കുന്ന രാജസ്ഥാന്‍ കുടുംബങ്ങള്‍ക്ക് വിഷു സീസണില്‍ നല്ല വില്‍പ്പനയാണ് കിട്ടുക.

കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് വിഷു ആഘോഷത്തിന് പൊലിമ കുറഞ്ഞിരുന്നു. ഇത്തവണ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെയാണ് കൂടുതല്‍ പ്രതിമകള്‍ നിര്‍മ്മിച്ച് വില്പനക്കായി തയ്യാറാക്കിയത്. കോവിഡ് കാലത്തിനു ശേഷം പ്രതിമവില്പനയില്‍ വന്‍ ഇടിവ് വന്നതിനെ തുടര്‍ന്ന് പ്രതിസന്ധികള്‍ തരണം ചെയ്ത് വീണ്ടും പ്രതിമ നിര്‍മ്മാണം സജീവമായിരിക്കുകയാണ്.

വിഷു വിപണി ലക്ഷ്യം വെച്ചാണ് കൃഷ്ണ വിഗ്രഹങ്ങള്‍ ധാരാളമായി ഇവര്‍ നിര്‍മ്മിച്ചത്. മറ്റു വിഗ്രഹങ്ങള്‍ ഉണ്ടെങ്കിലും വിഷു വിപണി തങ്ങളെ കൈവെടിയാറില്ലെന്ന് ഈ രാജസ്ഥാന്‍ കുടുംബങ്ങള്‍ പറയുന്നു. 20 വര്‍ഷത്തിലേറെയായി രാജസ്ഥാന്‍ കുടുംബങ്ങള്‍ പൂക്കാടാണ് താമസിക്കുന്നത്. ഇവരുടെ മക്കളും പ്രദേശത്തെ വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്.

വെളള സിമിന്റുപയോഗിച്ചാണ് പ്രതിമ നിര്‍മ്മാണം. വെളള സിമിന്റിന്റെ വില വര്‍ദ്ധനവും ഇവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. പ്രദേശത്തെ ജനങ്ങള്‍ നല്ല സഹകരണം ഈ കുടുംബങ്ങള്‍ക്ക് നല്‍കുന്നുണ്ട്.