‘പുല്‍മേടുകളും ചോലക്കാടുകളും കാഴ്ച മറയ്ക്കുന്ന മഞ്ഞും’; മൂന്നാറും വാഗമണ്ണും സംഗമിക്കും പോലൊരിടം കാണണമെങ്കില്‍ ശാന്തന്‍പാറയിലേക്ക് പോകാം
മൂടൽമഞ്ഞുപൊതിയുമ്പോൾ, പുൽനാമ്പുകളെ വകഞ്ഞുമാറ്റി കുന്നുകയറുമ്പോൾ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ… എന്റെ കുടുംബത്തിലുള്ളവർക്കും ഇങ്ങനെ പോകാൻ കഴിഞ്ഞെങ്കിൽ എന്ന്… എങ്കിൽ മൂന്നാറിനടുത്തുള്ള ശാന്തൻപാറയിലേക്കു വരാം. മൂന്നാറും വാഗമണ്ണും സംഗമിച്ചാൽ എങ്ങനെയിരിക്കും. അതാണു ശാന്തൻപാറ. മഞ്ഞുപൊതിയുന്ന മലനിരകളും ഏലക്കാടുകളും കണ്ട് മനസ്സു ശാന്തമാക്കാനൊരിടം.
കാർഡമം ഹിൽ റിസർവ് എന്നറിയപ്പെടുന്ന ഏലമല കാടുകൾക്കിടയിലൂടെയാണ് ഇവിടത്തെ റോഡുകൾ. ഇടുക്കിയിലെത്തുമ്പോൾ തീർച്ചയായും ഈ മഞ്ഞുവഴികളെ ഒന്നറിയാൻ ഡ്രൈവ് ചെയ്യണം. നിമിഷനേരം കൊണ്ട് നാടകത്തിന്റെ രംഗപടം മാറ്റുന്നതുപോലെ പ്രകൃതിയെ മാറ്റും ഈ മഞ്ഞ്. അടുത്തുള്ള ഇലകൾക്കു മാത്രം ഇരുണ്ട പച്ചനിറമുണ്ടാകും. അല്ലാത്തവയൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലേക്കു മാറുന്ന മാസ്മരികത അറിയാൻ ഇടുക്കിയിലെ ഏലക്കാടുകളിൽ തന്നെയെത്തണം.
ഏലക്കൊടികൾ പ്രേമപാരവശ്യത്താൽ വാഹനത്തെ തലോടും. വന്യതയും വശ്യതയും ചേർന്ന ഈ വഴികളിലൂടെയുള്ള ഡ്രൈവ് ആണ് ശാന്തൻപാറയിലെ മലകയറ്റത്തെപ്പോലെ രസകരമായത്. മെയിൻറോഡിൽനിന്ന് ഏതെങ്കിലും ഏലക്കാടിലൂടെയുള്ള ചെറുറോഡു പിടിച്ചാൽ ഇത്തരം കാഴ്ചകൾ കാണാം. കുറച്ചുനേരം വാഹനം നിർത്തി ആ മൂടൽമഞ്ഞിന്റെ വരവൊന്നു കാണണം.
ഈ യാത്രയാസ്വദിച്ചാൽ തന്നെ ശാന്തൻപാറയുടെ രസമറിഞ്ഞു. ഇനിയാണു ട്രെക്കിങ് പോയിന്റ്. കുന്നുകൾ ഏറെയുണ്ടെങ്കിലും ഏളുപ്പത്തിൽ എത്താവുന്നതും വലിയ അപകടമില്ലാത്തതുമായ ഒരു പോയിന്റുണ്ട്. ശാന്തൻപാറ ഫോറസ്റ്റ് ഓഫീസിനു മുന്നിലൂടെയാണു വഴി. ടാറിടാത്ത വഴിയിൽ മഴപെയ്തു കിടക്കുകയല്ലെങ്കിൽ ചെറു കാറുകളും കയറി പോകും. പുൽമേടിനടുത്തു കാർ പാർക്ക് ചെയ്തു പിന്നെ നടക്കണം. കാറ്റ് പുൽക്കൊടികളെ ഇക്കിളിയിട്ടുകൊണ്ടേയിരിക്കും. നമ്മൾ ആ കാറ്റാസ്വദിച്ചു മുകളിലേക്കു കയറാം. പച്ചക്കുന്നിന്റെ മണ്ടയിലേക്കാണു നടന്നു കയറേണ്ടത്.അതിനു മുൻപ് കുത്തനെയുയർന്നു നിൽക്കുന്ന വീരക്കല്ല് ഒന്നു കാണാം. പണ്ടേതോ പടയാളി ഇവിടെ വീരചരമമടഞ്ഞതിന്റെ സ്മാരകമാണത്രേ ഈ വീരക്കല്ല്.
ട്രെക്കിങ്ങിനായി പ്രത്യേക പാതയൊന്നുമില്ല. പുല്ലിനിടയിലൂടെ നമ്മളെത്തന്നെ കാണില്ല. അപ്പോഴാണു വഴി… ആൾപ്പൊക്കത്തിലുള്ള പുൽനാമ്പുകളെ വകഞ്ഞുമാറ്റി വഴി നമ്മൾ തന്നെയുണ്ടാക്കണം. അതാണു ശാന്തൻപാറയുടെ രസം. നല്ല തണുപ്പാണെങ്കിലും ഈ പുൽമേട്ടിൽ അട്ടകളില്ല. അതൊരു സമാധാനമാണ്. ശാന്തൻപാറയിൽ പലയിടത്തായി കുറിഞ്ഞികൾ പൂക്കാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ അങ്ങനെയൊരു ഭാഗ്യം ഇവിടെയെത്തിയ സഞ്ചാരികൾക്കുണ്ടായി. ഇനി അടുത്ത 12 വർഷം കഴിഞ്ഞേ ഈ അതിഥികളെ കാണാനൊക്കൂ.
നടന്നു മുകളിലെത്തിയാൽ അതിവിശാലമായ പുൽമേടുകളും ഇടയിൽ ചോലക്കാടുകളും കാഴ്ച മറയ്ക്കുന്ന മഞ്ഞും കണ്ട് കുറേനേരെ ചെലവിടാം. കുത്തനെയുള്ള ചെരിവുകൾ ഇല്ലാത്തതിനാൽ വലിയ അപകടമില്ല ശാന്തൻപാറയുടെ കുന്നിൻപുറത്ത്. മഞ്ഞുകൊണ്ടു കാറ്റനുഭവിച്ച് തിരിച്ചു നടക്കാം. അപായ രഹിതമായ ട്രക്കിങ് നടത്താൻ കുടുംബങ്ങൾ ഏറെ എത്താറുണ്ട് ശാന്തൻപാറയിൽ. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റും കരുതണം. വെള്ളവും. മറ്റൊരു കാര്യം- ആ കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും അവിടെ ഇട്ടു പോരരുത്.
കുന്ന് കയറുമ്പോഴുള്ള കാലാവസ്ഥയാകില്ല തിരികെ ഇറങ്ങുമ്പോൾ. മഞ്ഞ് മൊത്തം മൂടും. അതിനിടയിൽ ആൾപ്പൊക്കത്തിലുള്ള പുല്ലുകളും. എവിടെയാണു ശാന്തൻപാറ എന്നറിഞ്ഞാലേ കഥ പൂർത്തിയാകൂ. തമിഴ്നാടിന്റെ അതിർത്തിയിലെ കുന്നിൻമുകളിലായിരുന്നു നമ്മൾ. അതിനപ്പുറം ന്യൂട്രിനോ ഒബ്സർവേറ്ററി- എന്ന കണികാപരീക്ഷണ ഭൂഗർഭശാലയുണ്ട്. ശാന്തൻപാറയുടെ മുകളിൽ മതികെട്ടാൻ ചോലയുടെ കനത്ത പച്ചപ്പ്. മതികെട്ടാൻ ദേശീയോദ്യാനത്തിന്റെ ചോലക്കാടുകൾ താണ്ടിവരുന്ന മഞ്ഞാണ് ശാന്തൻപാറയുടെ കുളിർമ.
വാഗമണ്ണിലെ മൊട്ടക്കുന്നിനോടൊപ്പം മൂന്നാറിന്റെ മുഖമുദ്രയായ നീലക്കുറിഞ്ഞിയും കണ്ട് തിരിച്ച് ഇറങ്ങുമ്പോൾ പൂപ്പാറയിലെ നിരന്ന തേയിലത്തോട്ടങ്ങൾ കൂടി അഞ്ചുകിലോമീറ്റർ അപ്പുറത്തുണ്ടെന്ന് ഓർക്കുക. തിരികെ പൂപ്പാറയിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള സുന്ദരമായ വഴി ആസ്വദിച്ച് ഡ്രൈവ്. ആനയിറങ്കൽ ഡാമിനടുത്തുകൂടി, ചിന്നക്കനാൽ വഴി മൂന്നാറിലേക്കു പോകാം. എറണാകുളത്തുനിന്നെത്തുന്നവർക്ക് അടിമാലിയിൽനിന്നു രാജാക്കാട് വഴി ശാന്തൻപാറയിലെത്താം. ഏറെ ഹോംസ്റ്റേകൾ ഇവിടെയുണ്ട്. ബഹളങ്ങളൊന്നുമില്ലാതെ, കുടുംബത്തോടൊപ്പം മലകയറി, മഞ്ഞുകൊണ്ട് പ്രകൃതിയെ ആസ്വദിക്കാം.
ആഹാരം
ശാന്തൻപാറയിലെ ജനകീയ ഹോട്ടലിൽനിന്നു നല്ല ഊണും കിടിലൻ നോൺവെജ് വിഭവങ്ങളും കിട്ടും. വെറും ഇരുപതു രൂപയേ ഊണിനുള്ളു. ട്രെക്കിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ മൊരിഞ്ഞ പൊറോട്ടയും ബീഫ് കറിയും ചൂടോടെ കഴിക്കുന്നതിന്റെ ഗുമ്മ് ഒന്നു വേറെത്തന്നെ.
ഹോസ്പിറ്റൽ, എടിഎം- പൂപ്പാറ
പൊലീസ് സ്റ്റേഷൻ-ശാന്തൻപാറ