പുരസ്‌ക്കാര നിറവില്‍ വീണ്ടും പേരാമ്പ്ര; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സ്വന്തമാക്കി ചെനോളിയിലെ ഒന്നര വയസുകാരന്‍ ഐവിന്‍ അമല്‍
പേരാമ്പ്ര: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ നിറവില്‍ വീണ്ടും പേരാമ്പ്ര. ചെനോളിയിലെ ആയടത്തില്‍ അമലിന്റെയും അശ്വതിയുടെയും മകന്‍ ഒന്നര വയസുകാരന്‍ ഐവിന്‍ അമലാണ് ഇത്തവണ റെക്കോര്‍ഡ്സിനര്‍ഹനായത്. ദേശീയ ചിഹ്നങ്ങള്‍ ജലജീവികള്‍ എന്നിവയുടെയും കേരളത്തിലെ മന്ത്രിമാരുടെയും പേരുകളും ജനറല്‍ ചോദ്യങ്ങളുടെ ഉത്തരവും കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞാണ് കുഞ്ഞ് ഐവിന്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയത്.
കേരളത്തിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഏഴു പൊതു ചോദ്യങ്ങളുടെ ഉത്തരവും ഐവിന് അറിയാം. ഇതിനൊപ്പം 36 വസ്തുക്കള്‍, 13 പക്ഷികള്‍, 3 നൃത്ത രൂപങ്ങള്‍, 6 ദേശീയ ചിഹ്നങ്ങള്‍, 4 പൂക്കള്‍, 7 നിറങ്ങള്‍, 32 മൃഗങ്ങള്‍, 14 പ്രാണികള്‍, 13 ജലജീവികള്‍, 11 പച്ചക്കറികള്‍, 27 വാഹനങ്ങള്‍, 14 ഉപകരണങ്ങള്‍ എന്നിവയുടെ പേരുകളും നിഷ്പ്രയാസം ഐവിന് പറയും.
പഴങ്ങളുടെയും പച്ചക്കറിയുടെയും മറ്റും ചിത്രങ്ങളുള്ള ഷീറ്റില്‍ നിന്നും നന്നേ ചെറുതായിരുന്നപ്പോള്‍ തന്നെ ഐവില്‍ പേരു പറയുമ്പോള്‍ ചിത്രം തിരിച്ചറിയുമായിരുന്നെന്ന് ഐവിന്റെ അച്ഛന്‍ അമല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പത്ത് മാസമായപ്പോള്‍ ചെറിയ രീതിയില്‍ ഇവയുടെ പേരുകളും പറയാന്‍ ശ്രമിച്ചിരുന്നു. ഐവിന്റെ താത്പര്യം മനസിലാക്കി ഞങ്ങള്‍ വാഹനങ്ങളും മറ്റുള്ളതും കാണുമ്പോള്‍ അതിന്റെ പേര് കുഞ്ഞിന് പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. പീന്നീട് ഇത് കാണുമ്പോള്‍ അതിന്റെയെല്ലാം പേരുകള്‍ കുഞ്ഞ് ഞങ്ങളോട് തിരികെ പറയുമായിരുന്നെന്നും അമല്‍ പറഞ്ഞു. ഇത്തരത്തില്‍ പുരസ്‌ക്കാരത്തിന് അര്‍ഹമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.