പുതുച്ചേരിയിൽ ഭൂരിപക്ഷം നഷ്ട്ടപെട്ട് കോൺഗ്രസ്സ് : മുഖ്യമന്ത്രി വി. നാരായണാസ്വാമി രാജിവെച്ചു


ചെന്നൈ: തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പുതുച്ചേരിയിൽ സർക്കാർ താഴെവീണു. പുതുച്ചേരിയിലെ വി.നാരാണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു.

കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു.
സർക്കാരിനെതിരെയും മുൻ ലെഫ്റ്റണന്റ് ഗവർണർ കിരൺബേദിക്കെതിരെയും വിശ്വാസവോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമർശനം നടത്തി. കിരൺബേദിയെ വച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം ലെഫ്റ്റണന്റ് ഗവർണറെ കണ്ട് രാജിക്കത്ത് നൽകി.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എൽ.എ.മാർകൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോൺഗ്രസ് എം.എൽ.എ.യും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കർ വി.പി. ശിവകൊളുന്തുവിനു രാജി സമർപ്പിച്ചത്

ഇതോടെയാണ് കോൺഗ്രസ് സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായത്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരടക്കം ഭരണകക്ഷിയിൽ നിന്ന് ആറ് എംഎൽഎമാരാണ് രാജിവച്ചത്. ആറ് എം.എൽ.എ.മാർ രാജിവെച്ചതോടെ കോൺഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങി. എൻ.ആർ.കോൺഗ്രസ് -ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്.

ഓൾഇന്ത്യ എൻ.ആർ.കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ. എന്നീ പാർട്ടികളിലെ 11 എം.എൽ.എ.മാരും ബി.ജെ.പി.യുടെ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കമാണിത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്നു കോൺഗ്രസും ഇവർക്കു മറ്റു നിയമസഭാ സാമാജികരുടെ അവകാശങ്ങളുണ്ടെന്നു പ്രതിപക്ഷവും വാദിച്ചിരുന്നു.