പുതുക്കുടി മുക്ക് – നമ്പാം വയല്‍ – കാക്കുനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക; ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: പുതുക്കുടി മുക്ക് – നമ്പാം വയല്‍ – കാക്കുനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ഗതാതഗ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. മൂന്ന് വര്‍ഷം മുമ്പ്് റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് എംഎല്‍എ ഇടപെട്ട് പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേരാപുരം മേഖലാ കമ്മിറ്റി നിവേദനം നല്‍കിയത്.
പണി തുടങ്ങി 3 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പണി പൂര്‍ത്തീകരിക്കാതെ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ചെളിയും വെള്ളവും നിറഞ്ഞ റോഡില്‍ കാല്‍നട യാത്രപോലും ദുസ്സഹമായി ഉപയോഗശൂന്യമായ അവസ്ഥയിലാണുള്ളത്. നിരവധി ആളുകളുടെ ഏക ആശ്രയമായ ഈ റോഡ് ഇത്തരത്തില്‍ ഉപയോഗയോഗ്യമല്ലാതായി കിടക്കുന്നതിനാല്‍ രോഗികളെ പോലും ആശുപത്രികളില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍.
റോഡിന്റെ എസ്റ്റിമേറ്റിലെ അപാകതയാണ് റോഡ് പണി നീണ്ടുപോകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അശാസ്ത്രിയമായിട്ടാണ് നിലവിലെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. എസ്റ്റിമേറ്റില്‍ കാണിച്ച തുക റോഡ് പണി പൂര്‍ത്തീകരിക്കാന്‍ മതിയാകില്ല. അതിനാല്‍ എസ്റ്റിമേറ്റിലെ അപാകതകള്‍ പരിഹരിച്ച് കൂടുതല്‍ ഫണ്ട് റോഡിനു വേണ്ടി അനുവദിക്കണം. കൂടാതെ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം. പുതുക്കുടി മുക്ക് – നമ്പാം വയല്‍ – കാക്കുനി റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് അറുതി വരുത്തി റോഡിന്റെ പണി ഏറ്റവും മികച്ച രീതിയില്‍ എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയത്.