പുതിയ നിയമങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി ഓപ്പണ്‍ ഫോറം ആരംഭിച്ചു; സംഘടിപ്പിക്കുന്നത് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും കണക്റ്റഡ് ഇനിഷ്യേറ്റീവിന്റെ കൊയിലാണ്ടി ചാപ്റ്ററും ചേർന്ന്
കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും കണക്റ്റഡ് ഇനിഷ്യേറ്റീവിന്റെ കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി പുതിയ നിയമങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി ഓപ്പണ്‍ ഫോറം ആരംഭിച്ചു. സംസ്ഥാന നിയമ സെക്രട്ടറി വി.ഹരി നായര്‍ പദ്ധതി ഉത്ഘാടനം ചെയ്തു. പാര്‍ലമെന്റും നിയമസഭയും പാസ്സാക്കുന്ന പുതിയ നിയമങ്ങളെയും പരിഗണിക്കുന്ന കരട് നിയമങ്ങളെയും കുറിച്ച് പൊതുജനപങ്കാളിത്തത്തോടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
നിയമസഭ പരിഗണിക്കാനിരിക്കുന്ന കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സിനെകുറിച്ച് ആദ്യചര്‍ച്ച നടന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.രാഗിണി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ.ലോ കോളേജ് വിദ്യാര്‍ത്ഥികളായ ബ്രിജേഷ് എന്‍.ബി, അഡ്വ. റിസ്വാന എന്‍.എം, അഡ്വ ജിന്‍ഷിയ ഇ.കെ, അഡ്വ.പി.ജിനിഷ, പി.ഉണ്ണികൃഷ്ണന്‍, അഡ്വ.കെ.ശശികല എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി നിസ്സാര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ജഡ്ജി എം.പി.ജയരാജ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എം.പി.ഷൈജല്‍, കണക്റ്റഡ് ഇനീഷ്യേറ്റീവ് കണ്‍വീനര്‍ എം.ജി.ബല്‍രാജ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് അഡീഷണല്‍ എസ്പി അബ്ദുള്‍ റസാഖ്, സാമൂഹ്യനീതി ഓഫീസര്‍ അഷ്റഫ് കാവില്‍, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വക്കറ്റ് കെ.സത്യന്‍, ഐഎംഎ സംസ്ഥാന ജോയന്റ് സെക്രട്ടറി ഡോ.അജിത് ഭാസ്‌കര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുളള പ്രഗത്ഭരും പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു.
ചര്‍ച്ചയിലെ ക്രിയാത്മകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നിയമനിര്‍മ്മാണ സഭകള്‍ പരിഗണിക്കുന്ന നിയമങ്ങളെ കുറിച്ചുളള ജനകീയ ചര്‍ച്ചക്കുളള സ്ഥിരം വേദിയായി ഓപ്പണ്‍ ഫോറത്തെ മാറ്റാനും ലക്ഷ്യമുണ്ട്.