പുതിയ ടീം നന്നായി പ്രവര്‍ത്തിക്കും; പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തൃപ്തിയോടെ നിര്‍വഹിച്ചു: ശൈലജ ടീച്ചര്‍


തിരുവനന്തപുരം: ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ടി ഏല്‍പിച്ച ഉത്തരവാദിത്വം തനിക്ക് കഴിയാവുന്ന വിധത്തില്‍ നിര്‍വഹിക്കാനായി എന്ന് കെ കെ ശൈലജ. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തുണ്ട്. തന്നെ പാര്‍ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാര്‍ടിയില്‍. പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ മാത്രമല്ല കഴിഞ്ഞ പ്രാവശ്യമുണ്ടായിരുന്നതില്‍ കുറേയേറെ മന്ത്രിമാര്‍ ഇത്തവണയില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും മികച്ച പ്രകടനം നടത്തിയിരുന്നു. പാര്‍ടിയാണ് തന്നെ മന്ത്രിയായി തീരുമാനിച്ചത്. അത് പ്രകാരം നന്നായി പ്രവര്‍ത്തിക്കാനായെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.