പുതിയവീട്ടില്‍ താമസിക്കാന്‍ കാത്തുനില്‍ക്കാതെ നൗഷാദ് മടങ്ങി; യുവാവിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്


കുറ്റ്യാടി: ഏറെ ആഗ്രഹിച്ച് പണിത പുതിയവീട്ടില്‍ താമസിക്കാന്‍ കാത്തുനില്‍ക്കാതെ നൗഷാദ് യാത്രയായി. വീടിന്റെ ഗൃഹപ്രവേശനം അടുത്ത മാസം നടക്കാനിരിക്കെയാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ നൗഷാദിനെ മരണം കവര്‍ന്നടുത്തത്.

വിദേശത്ത് ജോലി ചെയ്യുന്ന നാഷാദ് അടുത്താണ് അവധിക്ക് നാട്ടിലെത്തിയത്. എല്ലാവരോടും ചിരിച്ച് സൗമ്യമായി സംസാരിക്കുന്ന നൗഷാദ് അവധിക്ക് നാട്ടിലെത്തുമ്പോള്‍ സൗഹൃദം പുതുക്കാനും മറക്കാറില്ല. സാമൂഹിക, സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നൗഷാദിന്റെ മരണം നാട്ടുകാര്‍ക്ക് നികത്താനാവാത്ത നഷ്ടമായി.

ബുധനാഴ്ച രാവിലെ മക്കളെ ബൈക്കില്‍ സ്‌കൂളിലിറക്കിയശേഷം നാദാപുരം റോഡിലെ കണ്ണാശുപത്രിയിലേക്ക് പോകവെയാണ് അപകടം. നൗഷാദ് സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ എതിരെ വന്ന ‘ലോര്‍ഡ് കൃഷ്ണ’ എന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ സമീപത്തെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് നടത്തിയശേഷം വീട്ടിലെത്തിലെത്തിച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷംകുറ്റ്യാടി ജുമ: മസ്ജിദില്‍ ഖബറടക്കി.

ഹസ്‌നയാണ് ഭാര്യ. മിയാന്‍ നഹീല്‍, മെഹജുന കദീജ, ലുലുന മറിയം എന്നിവര്‍ മക്കളാണ്. നൗഷിറയും നജിയയും സഹോദരങ്ങളാണ്.