പി.സി ബാലന്‍, ജനകീയാസൂത്രണത്തിന്റെ ചീഫ് എഞ്ചിനിയര്‍: പേരാമ്പ്രയുടെ അഭിമാനമായ എഞ്ചിനിയര്‍ പി.സി ബാലനെക്കുറിച്ച് തോമസ് ഐസക്


പേരാമ്പ്ര: പേരാമ്പ്രയുടെ അഭിമാനമായ എഞ്ചിനിയര്‍ പി.സി ബാലനെ ജയകീയാസൂത്രണത്തിന്റെ ചീഫ് എഞ്ചിനിയര്‍ എന്ന് വിശേഷിപ്പിച്ച് മുന്‍ധനകാര്യമന്ത്രി തോമസ് ഐസക്. പി.സി ബാലന്റെ സംഭാവനകള്‍ വിശദീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക് അദ്ദേഹത്തെ ഇങ്ങനെ പരിചയപ്പെടുത്തിയത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ജനകീയാസൂത്രണത്തിന്റെ ചീഫ് എഞ്ചിനീയര്‍ ആര്? എനിക്ക് ഒരു ഉത്തരമേയുള്ളൂ- പി.സി. ബാലന്‍. ഒന്നാംഘട്ട പരിശീലനത്തില്‍തന്നെ കെ.ആര്‍.പിയായി പങ്കെടുക്കുമ്പോള്‍തന്നെ ജനകീയ എഞ്ചിനീയര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പി.സി. ബാലന്റെ മുന്‍കാല ചരിത്രം കേട്ട ആരും ഇതൊരു അതിശയോക്തിയായി പറയില്ല. സര്‍വ്വീസില്‍ കയറിയ നാള്‍ മുതല്‍ വേറിട്ടൊരു പാതയിലൂടെയാണ് ഈ എഞ്ചിനീയര്‍ സഞ്ചരിച്ചത്.

1977 മുതല്‍ 1980 വരെ പേരാമ്പ്ര ബ്ലോക്കിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയിരുന്നപ്പോള്‍ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, നൊച്ചാട്, പേരാമ്പ്ര, കൂത്താളി, കായണ്ണ എന്നീ പഞ്ചായത്തുകളില്‍ ഫുഡ് ഫോര്‍ വര്‍ക്ക് സ്‌കീമില്‍ നൂറിലധികം പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. ഓരോ റോഡിനും 2500 രൂപയും നാലായിരം കിലോ ഗോതമ്പും മാത്രമാണ് നല്‍കിയത്. എന്നാല്‍ എസ്റ്റിമേറ്റ് തുക 25,000 രൂപ മുതല്‍ 50,000 രൂപ വരെയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പര്‍മാരുടെയും സഹായത്തോടെ റോഡിന്റെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രവൃത്തിയെപ്പറ്റി വിശദീകരിച്ചശേഷം നിര്‍വ്വഹണക്കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനറെയും തെരഞ്ഞെടുത്തു. നിര്‍വ്വഹണക്കമ്മിറ്റി ഗുണഭോക്താക്കളുടെ സന്നദ്ധസേവനം സംഘടിപ്പിച്ചു. കൂടുതല്‍ ചെലവുവരുന്ന നിര്‍മ്മാണത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മത്സരാധിഷ്ടിതമായ രീതിയില്‍ സന്നദ്ധസേവനം സംഘടിപ്പിച്ചു.

പന്ത്രണ്ടോളം അങ്കണവാടി കെട്ടിടങ്ങള്‍ക്ക് 5 സെന്റ് മുതല്‍ 7 സെന്റ് വരെ സ്ഥലം സൗജന്യമായി ലഭിക്കാനും, ഓരോ കെട്ടിടത്തിനും അനുവദിച്ച 6000 രൂപയില്‍ കൂടുതല്‍ വരുന്ന തുക സമാഹരിക്കാനും പ്രയത്‌നിച്ചു. പേരാമ്പ്ര ചേനോളി റോഡിലെ അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിനായി 1984-ല്‍ പി.സി. ബാലന്‍ പ്രസിഡന്റായി ഒരു കമ്മിറ്റി 3 സെന്റ് സ്ഥലമടക്കം സര്‍ക്കാരില്‍ നിന്നോ, പഞ്ചായത്തില്‍ നിന്നോ യാതൊരു ധനസഹായവുമില്ലാതെ 30,000 രൂപ ചെലവു വരുന്ന കെട്ടിടം നിര്‍മ്മിച്ചു.

1981 മുതല്‍ 1984 വരെ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആയിരുന്നപ്പോള്‍ സിഡബ്ല്യുആര്‍ഡിഎമ്മിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. ഗോപാലകൃഷ്ണനുമായി ചേര്‍ന്നു കിഴക്കന്‍ പേരാമ്പ്രയിലും കൂത്താളിയിലുമുള്ള പാടശേഖരങ്ങളിലെ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. കൂട്ടുകൃഷി നടത്തി. ഒരു പാടശേഖരത്തിലെ എല്ലാവരും യോജിച്ച് ഒരേ സമയം വിതയ്ക്കാനും ഞാറ് നടാനും വളം ചെയ്യാനും ജലസേചനം നടത്താനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഉല്‍പ്പാദനക്ഷമത ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.

ഒന്നാംഘട്ട കെആര്‍പി പരിശീലനം കഴിഞ്ഞതിനുശേഷം പി.സി. ബാലനു പ്രത്യേക ചുമതലയാണു നല്‍കിയത് – പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തികളെക്കുറിച്ചുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുക. അന്നു ബാലന്‍ കോഴിക്കോട് ബില്‍ഡിംഗ് സര്‍ക്കിളില്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആയിരുന്നു.

പോരായ്മകള്‍ വിലയിരുത്തി. അവ പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി.
കൃത്യമായ സര്‍വ്വേ നടത്തി ശേഖരിക്കുന്ന സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തില്‍ രൂപരേഖയും അടങ്കലും തയ്യാറാക്കണം.
എസ്റ്റിമേറ്റിനോടൊപ്പം ഫണ്ടിന്റെയും നിര്‍മ്മാണ സാധനങ്ങളുടെയും യന്ത്രോപകരണങ്ങളുടെയും ലഭ്യതയനുസരിച്ചുള്ള കലണ്ടര്‍ തയ്യാറാക്കണം.
സാങ്കേതികാനുമതിക്കുള്ള കാലതാമസം ഒഴിവാക്കാന്‍വേണ്ടി, വിവിധതലങ്ങളില്‍ രൂപീകരിക്കുന്ന 5 അംഗങ്ങളുള്ള സാങ്കേതിസമിതിയുടെ അനുമതി ലഭ്യമാക്കണം.
ഗുണഭോക്തൃസമിതികള്‍ വഴി പ്രവൃത്തികള്‍ നടത്തുന്നതിനു മുന്‍ഗണന നല്‍കണം.
പ്രവൃത്തികള്‍ ആരംഭിക്കുന്നതിമുമ്പ് എഞ്ചിനീയര്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു കാര്യങ്ങള്‍ വിശദീകരിക്കണം.
പ്രവൃത്തി സ്ഥലത്ത് പ്രധാനപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയ നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കണം.
പ്രവൃത്തി നിര്‍വ്വഹണഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി, പ്രവൃത്തിയുടെ ഗുണനിലവാരവും പുരോഗതിയും പരിശോധിക്കണം. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ബില്ല് പാസാക്കാവൂ.
പ്രവൃത്തി പൂര്‍ത്തിയായാല്‍ 15 ദിവസത്തിനകം പണം നല്‍കണം.
ഏതു രേഖയുടെയും പകര്‍പ്പ് ആവശ്യക്കാര്‍ക്കു നല്‍കണം.
ഗ്രാമസഭകള്‍ സാമൂഹ്യ ഓഡിറ്റിംഗ് നടത്തണം.
ഈ മാര്‍ഗ്ഗരേഖ പ്ലാനിംഗ് ബോര്‍ഡ് അംഗീകരിച്ചശേഷം കിലയിലും ജില്ലാതലങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ക്ലാസുകള്‍ എടുത്തു.

പേരാമ്പ്ര ബ്ലോക്കിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജനപങ്കാളിത്തത്തോടുകൂടിയ പ്രവൃത്തി നിര്‍വ്വഹണത്തെപ്പറ്റിയുള്ള ഒരു മാര്‍ഗ്ഗരേഖ പി.സി. ബാലന്‍ തയ്യാറാക്കി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്‌കൂളില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ അത് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിച്ചു. പുസ്തകമായി അച്ചടിച്ച് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കി. ക്ലാസുകള്‍ എടുത്തു. ഗുണഭോക്തൃസമിതികള്‍ വഴി നടത്തിയ പ്രവൃത്തികളുടെ ചെലവിന്റെ 25 ശതമാനം വരെ ഗുണഭോക്തൃവിഹിതമായി സമാഹരിക്കാന്‍ കഴിഞ്ഞു. സംഭാവന വഴിയും സന്നദ്ധസേവനമായും ആ മാര്‍ഗ്ഗരേഖയിലെ നടപടിക്രമങ്ങള്‍ താഴെ പറയുന്നവയാണ്.

പ്രവൃത്തികള്‍ക്കു സാങ്കേതികാനുമതി നല്‍കിയശേഷം നിര്‍വ്വഹണ ചുമതലയുള്ള എഞ്ചിനീയര്‍മാര്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ചു പ്രവൃത്തികള്‍ വിശദീകരിക്കുക.

9 മുതല്‍ 15 വരെ അംഗങ്ങളുള്ള ഒരു നിര്‍വ്വഹണ കമ്മിറ്റി രൂപീകരിക്കുക. ചെയര്‍മാനേയും കണ്‍വീനറേയും തെരഞ്ഞെടുക്കുക.

നിര്‍വ്വഹണ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുക.

കണ്‍വീനര്‍, കരാറുടമ്പടിവച്ചശേഷം എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തദ്ദേശഭരണ സ്ഥാപന കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക.

പ്രവൃത്തി നിര്‍വ്വഹണത്തിനുള്ള വരവു-ചെലവു കണക്കുകള്‍ രേഖപ്പെടുത്തുന്നതിനുള്ള അക്കൗണ്ട് ബുക്ക് ആഴ്ചയിലൊരിക്കല്‍ ചേരുന്ന യോഗത്തിന്റെ മിനിറ്റ്‌സ് ബുക്ക്, മസ്റ്റര്‍ റോള്‍ എന്നിവ കമ്മിറ്റി സൂക്ഷിക്കുകയും പ്രവൃത്തി പൂര്‍ത്തിയാക്കിയശേഷം തദ്ദേശഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കുകയും വേണം.

പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് ചട്ടങ്ങള്‍ തയ്യാറാക്കിയതും ബാലനായിരുന്നു. വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ മലയാളത്തില്‍ തയ്യാറാക്കി, മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ ജില്ലകളിലുമുള്ള എഞ്ചിനീയര്‍മാര്‍ക്ക് പരിചയപ്പെടുത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ്ഗരേഖ 2006-ല്‍ തയ്യാറാക്കിയതും പി.സി. ബാലനായിരുന്നു. ജനകീയ ഗുണഭോക്തൃ സമിതികളെ ശക്തിപ്പെടുത്തുന്നതിനും കോണ്‍ട്രാക്ടര്‍-എഞ്ചിനീയര്‍ കൂട്ടുകെട്ടിന്റെ കടന്നാക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ജനകീയാസൂത്രണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഒരു കുരിശുയുദ്ധമാണു പി.സി. ബാലന്റെ നേതൃത്വത്തില്‍ ഒരു ചെറുസംഘം എഞ്ചിനീയര്‍മാര്‍ നടത്തിയത്. സംസ്ഥാന ഫാക്കല്‍റ്റി അംഗമെന്ന നിലയില്‍ കിലയിലും എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും വി.വി. സുധാകരന്‍, പ്രൊഫ. ലക്ഷ്മണന്‍നായര്‍, പ്രൊഫ. എ.ആര്‍. വേലായുധന്‍പിള്ള എന്നിവരോടൊപ്പം ക്ലാസുകള്‍ എടുക്കുകയും, കോര്‍പ്പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പ്രോജക്ടുകള്‍ക്കു സാങ്കേതികാനുമതി നല്‍കുന്നതിനുള്ള സ്റ്റേറ്റ് ലെവല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗമായി പ്രവൃത്തിക്കുകയും ചെയ്തു.

2001-ലെ ഭരണമാറ്റത്തിന്റെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിലാണ്. ഗുണഭോക്തൃ കമ്മിറ്റികള്‍ക്കു വിരാമമായി. മാര്‍ഗ്ഗരേഖകളുടെ നല്ലൊരുഭാഗം അപ്രസക്തമായി. ഇന്നത്തെ സ്ഥിതിയെക്കുറിച്ച് ബാലനു നിശിതവിമര്‍ശനമാണുള്ളത്. എസ്റ്റിമേറ്റുകള്‍ ഇംഗ്ലീഷിലായി. നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നില്ല. മോണിറ്ററിംഗും സാമൂഹ്യ ഓഡിറ്റിംഗും ഇല്ല. ഗുണനിലവാരം തൃപ്തികരമല്ല.