പി.വി അന്‍വറിന്റെ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്ന് നീക്കിയതായി സ്പീക്കര്‍; സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി സതീശന്‍ (വീഡിയോ കാണാം)



തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഉന്നയിച്ച മണി ചെയിന്‍ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി. സ്പീക്കര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഉന്നയിച്ച ആരോപണമാണ് സഭാരേഖയില്‍ നിന്ന് നീക്കിയത്. ആരോപണത്തിനെതിരെ വി.ഡി സതീശന്‍ പറഞ്ഞ മറുപടിയും രേഖകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങാതെ ഉന്നയിക്കുന്ന ആരോപണം ചട്ടലംഘനമാണെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കി.

അന്‍വറിന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കിയതിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സ്വാഗതം ചെയ്തു. അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സഭയുടെ അന്തസിനും പാരമ്പര്യത്തിനും യോജിച്ചതല്ല അന്‍വറിന്റെ പരാമര്‍ശങ്ങളെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു നിയമനിര്‍മാണ വേളയില്‍ പ്രതിപക്ഷ നേതാവ് സതീശനെതിരെ പി.വി അന്‍വര്‍ ആക്ഷേപം ഉന്നയിച്ചത്. 1991-92 കാലത്ത് നടന്നതായി ചൂണ്ടിക്കാണിക്കുന്ന ഗുരുതരമായ അഴിമതി ആരോപണമായിരുന്നു അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഇത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം വ്യഴാഴ്ച പ്രതികരിച്ചിരുന്നു. ആക്ഷേപം സഭ രേഖകളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും കത്ത് നല്‍കിയിരുന്നു.

സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ വി.ഡി സതീശനോട് ആവശ്യപ്പെട്ട സ്പീക്കര്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ ഒരു വിഭാഗം മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയമാണന്നും പ്രതികരിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ സ്പീക്കര്‍ ഇരുനേതാക്കളുടെയും ആക്ഷേപവും മറുപടിയും രേഖയില്‍ നിന്ന് നീക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

വീഡിയോ കാണാം: