പി.യു.കെ.സി സംസ്ഥാന പാതയുടെ ഉള്ളിയേരി വരെയുള്ള ആദ്യ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ ഉത്തരവായി


പേരാമ്പ്ര: പുതിയങ്ങാടി – ഉള്ളിയേരി – കുറ്റ്യാടി- ചൊവ്വ ( പി.യു.കെ.സി.) സംസ്ഥാന പാതയുടെ ഉള്ളിയേരി വരെയുള്ള ആദ്യ റീച്ചില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യൂ ഉത്തരവായി. 5.235 ഹെക്ടര്‍ ഭൂമിയാണ് ഉള്ളിയേരി, അത്തോളി, തലക്കുളത്തൂര്‍, എലത്തൂര്‍, പുതിയങ്ങാടി വില്ലേജുകളിലായി എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുക.

14 മീറ്റര്‍ വീതിയില്‍ രണ്ട് ലൈനായിട്ടാണ് റോഡ് നിര്‍മ്മാണം ആരംഭിക്കുക. റോഡ് പ്രാബല്യത്തില്‍ വരുന്നതോടെ അത്തോളിയിലും, പറമ്പത്ത് മുള്ള വലിയ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാകും. റോഡിന്റ പ്രവര്‍ത്തി ആരംഭിക്കുന്നതിന്റ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഈ നിയമസഭാ സമ്മേളനത്തില്‍ സച്ചിന്‍ദേവ് എം.എല്‍.എ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു.

ഉള്ളിയേരി മുതല്‍ കുറ്റ്യാടി വരെയുള്ള രണ്ടാം ഘട്ട പ്രവര്‍ത്തിയുടെ അലൈന്‍മെന്റ് തയ്യാറായിട്ടുണ്ട്. ഇത് സംബന്ധിച്ച് റോഡ് കടന്നു പോവുന്ന മണ്ഡലങ്ങളിലെ വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ഈ നിയമസഭ സമ്മേളന കാലയളവില്‍ യോഗം ചേരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു തന്നിട്ടുണ്ടെന്ന് സച്ചിന്‍ദേവ് എം.എല്‍.എ അറിയിച്ചു.