പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍ ഇന്നു മുതല്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസ്; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്യാം (വീഡിയോ)



കോഴിക്കോട്: പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍ ഇന്നു മുതല്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകളിലെ മുറികള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവില്‍ വന്നു. നേരത്തേ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഇക്കാര്യം നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍ നഷ്ടമാകാതെയാണ് പീപ്പിള്‍സ് റെസ്റ്റ് ഹൗസ് സംവിധാനം നടപ്പിലാക്കുന്നത്. റെസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് വകുപ്പിന്റെ ലക്ഷ്യം.

https://resthouse.pwd.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ കേരളത്തിലെ റെസ്റ്റ് ഹൗസുകളിലെ മുറികള്‍ ബുക്ക് ചെയ്യാന്‍ കഴിയും. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതി നേരത്തേ തയ്യാറാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളാണ് നവീകരിച്ചത്. ഇതിനായി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരുന്നു. റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകളും ആരംഭിച്ചു. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കും. സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

വീഡിയോ കാണാം: