പി.ടിയുടെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും, അന്ത്യയാത്ര വയലാറിന്റെ പാട്ട് കേട്ടുകൊണ്ട്; നിലപാടുകൾ കൊണ്ട് ജനകീയനായ നേതാവിന് ജന്മനാട് നാളെ വിട നൽകും


കൊച്ചി: ‘ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരുജന്മം കൂടി’ എന്ന വയലാറിന്റെ വരികളിലെ പോലെ ഇനിയൊരു ജന്മം ഉണ്ടാകുമോയെന്നറിയില്ലെങ്കിലും ഒരു ആയുസ്സിനുമപ്പുറം ചെയ്യാവുന്ന കാര്യങ്ങൾ പി.ടി നാടിനു വേണ്ടി ചെയ്തു. സ്വന്തം ജീവിതം തന്നെ സേവനത്തിനായി സമർപ്പിക്കുകയായിരുന്നു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

മരണ സമയത്തും തനിക്കവസാനമായി ചെയ്യാൻ പറ്റുന്ന നന്മ ചെയ്യുവാൻ പി.ടി മറന്നില്ല. കണ്ണുകള്‍ ദാനം ചെയ്യണമെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു എം.എൽ.എ. നേത്രദാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പി ടി തോമസ് എംഎല്‍എയുടെ സംസ്കാരം നാളെ നടക്കും. മൃതദേഹം വെല്ലൂരില്‍നിന്നും നാളെ പുലര്‍ച്ചെ എറണാകുളത്തെ വീട്ടില്‍ എത്തിക്കും. രാവിലെ 7.30ന് എറണാകുളം ഡിസിസി ഓഫീസിലും 8.30ന് എറണാകുളം ടൗണ്‍ഹാളിലും 9.30ന് തൃക്കാക്കര കമ്മ്യൂണിറ്റിഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

പി ടി തോമസിന്റെ അന്തിമാഗ്രഹപ്രകാരം മൃതദേഹം രവിപുരം ശ്മശാനത്തില്‍ ആയിരിക്കും ദഹിപ്പിക്കുക. തുടർന്ന് ചിതാഭസ്മം ഉപ്പുതറയില്‍ അമ്മയുടെ കല്ലറയില്‍ വയ്ക്കും. മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുതെന്നും പൊതുദര്‍ശനം നടക്കുമ്ബോള്‍ ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും’ എന്ന വയലാറിന്റെ ഗാനം പതിയെ കേള്‍പ്പിക്കണമെന്നും പി.ടിയുടെ അന്ത്യാഭിലാഷങ്ങളായിരുന്നു.

ഇന്ന് രാവിലെ 10.15ന് വെല്ലൂര്‍ ആശുപത്രിയില്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഒ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില വഷളാവുകയും വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ച നിലയില്‍ തന്നെയായിരുന്നു.