പി.ജയരാജൻ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും


തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ ഖാദി ബോർഡ് വെെസ് ചെയർമാനാകും. നോർക്ക വൈസ് ചെയർമാനായി മുന്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും നിയമിക്കും.

ഖാദി ബോർഡ് വെെസ് ചെയർപേഴ്സണ്‍ സ്ഥാനമൊഴിഞ്ഞ ശോഭനാ ജോർജ് ഔഷധി ചെയർ പെഴ്സണാകും. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.

നവംബർ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഭരണ സമിതിയുടെ കാര്യം ഇന്ന് തീരുമാനിക്കും. നേരത്തെ ചെറിയാന്‍ ഫിലിപ്പിനെയായിരുന്നു ഖാദി ബോർഡ് വെെസ് ചെയർമാന സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു.

പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകള്‍ക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവേശത്തില്‍ ഖാദി ബോർഡിലേത് അപ്രധാന സ്ഥാനമാണെന്ന് ആരോപിച്ച ചെറിയാന്‍ ഫിലിപ്പിനുള്ള മറുപടി കൂടിയാണ് പാർട്ടിയുടെ മുതിർന്ന നേതാവായ പി ജയരാജനെ അതേസ്ഥാനത്ത് നിയമിച്ചുള്ള തീരുമാനത്തിലൂടെ സിപിഐഎം ലക്ഷ്യം വെയ്ക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.