പിഷാരികാവ് കാളിയാട്ട മഹോല്‍സവം; നാളെ ചെറിയ വിളക്ക്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി ഞായറാഴ്ച ചെറിയ വിളക്ക് ഉല്‍സവം നടക്കും. ചെറിയ വിളക്ക് ദിവസം രാവിലെ കാഴ്ച ശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടക്കും. വൈകീട്ട് പാണ്ടിമേള സമേതമുളള കാഴ്ച ശീവേലിയുണ്ടാവും.

അഞ്ചിനാണ് വലിയ വിളക്ക്. വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുളള ഇളനീര്‍കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍കുല വരവ്, അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെളളിക്കുടവരവ്, കൊല്ലന്റെ തിരുവായുധ വരവ്, മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തും. രാത്രി 11 മണിക്ക് ശേഷം ഭഗവതി പുറത്തെഴുന്നളളും. സ്വര്‍ണ്ണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നളളിക്കും.

ആറിന് കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് വരവുകളും ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പുറത്തെഴുന്നളളിപ്പ്. പാലച്ചുവട്ടില്‍ കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം. പാണ്ടി മേളത്തിന് ശേഷം ഭഗവതി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങും. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി രാത്രി11.25നും,11.50നുമിടയിലുളള ശുഭ മുഹൂര്‍ത്തത്തില്‍ വാളകം കൂടും.

ശനിയാഴ്ച കാഴ്ച ശീവേലി എഴുന്നളളത്ത് ആനയെ ഒഴിവാക്കി കൊണ്ടാണ് നടത്തിയത്. ശാരിരക അസ്വസ്ഥതയെ തുടര്‍ന്നാണ് ആനയെ ഒഴിവാക്കിയത്.