പിഷാരികാവിൽ ഏപ്രിൽ 6 ന് കാളിയാട്ടം


കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രധാന ക്ഷേത്രമായ ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ മുഹൂർത്തം കുറിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയാണ് ഉത്സവം. അഞ്ചിന് വലിയവിളക്ക് ആറിന് കാളിയാട്ടം. ഈ വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താനാണ് സാധ്യത.

ചേമഞ്ചേരിയിലുള്ള പൊറ്റമ്മൽ കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കൽ ചടങ്ങ് നടത്തുന്നത്. ഇന്ന് കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മല്‍ നമ്പീശന്റെയും, കോട്ടൂർ ശശികുമാര്‍ നമ്പീശന്റെയും കര്‍മ്മികത്വത്തിൽ ക്ഷേത്ര സ്ഥാപകരായ കാരണവൻമാരുടെ തറയിൽവെച്ച് ഊരാളൻമാരുടെ സാനിധ്യത്തിൽ പ്രശ്നം വെച്ചാണ് കാളിയാട്ടത്തിന്റെ മുഹൂർത്തം കുറിച്ചത്. കീഴ്വഴക്കമനുസരിച്ച് രാത്രി അത്താഴ പൂജയ്ക്ക് ശേഷം നടതുറന്നതോടെ പിഷാരടി കുടുംബത്തിലെ അംഗമായ ബാലകൃഷ്ണ പിഷാരടി കാളിയാട്ട മുഹൂർത്തം ഉച്ചത്തിൽ വിളിച്ചറിയിക്കുകയായിരുന്നു.

എല്ലാ വർഷവും കുംഭമാസം പത്താം തിയ്യതിയോ തൊട്ടടുത്തുള്ള കൊടിയാഴ്ച (ഞായർ, ചൊവ്വ, വെള്ളി) ദിവസങ്ങളിലോ ആണ് കാളിയാട്ടം കുറിക്കൽ ചടങ്ങ് നടക്കുന്നത്. മീനമാസത്തിലാണ് കാളിയാട്ടം നടത്താറ്.

ഇന്ന് കാലത്ത് 9 മണിക്ക് നടന്ന കാളിയാട്ടം കുറിക്കൽ ചടങ്ങുകളിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി.നാരായണൻകുട്ടി നായർ, അംഗങ്ങളായ കീഴയിൽ ബാലൻ നായർ, വാഴയിൽ കൊട്ടിലകത്ത് ബാലൻ നായർ, ഇളയിടത്ത് വേണുഗോപാൽ, ഈച്ചരാട്ടിൽ അപ്പു നായർ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, ടി.കെ.രാജേഷ്, തുന്നോത്ത് പ്രമോദ്, പി.ടി.രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് ഓഫീസർ കെ.വേണു, ക്ഷേത്രം മേൽശാന്തി എൻ.നാരായണൻ മൂസത്ത്, ക്ഷേത്ര ജീവനക്കാർ, ഭക്തജനതൾ എന്നിവർ പങ്കെടുത്തു.