പിള്ളേര് പൊളിയാണ്; പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന് നൂറില്‍ നുറ്, 202 പേര്‍ക്ക് ഫുള്‍ എപ്ലസ്


പേരാമ്പ്ര: കൊവിഡ് മഹാമാരിക്കിടയിലും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍. 100 ശതമാനം വിജയമാണ് ഇത്തവണ സ്‌കൂളിന് ലഭിച്ചത്. വിദ്യാലയത്തില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 539 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. ഇവരില്‍ 202 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 68 വിദ്യാര്‍ത്ഥികള്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി.

ക്ലാസുകള്‍ ഓണ്‍ലൈനായപ്പോഴും ഉജ്വല വിജയമാണ് വിദ്യാലയം കൈവരിച്ചത്. കഴിഞ്ഞ തവണ 98 ആയിരുന്നു വിദ്യാലയത്തിന്റെ വിജയ ശതമാനം. 101 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫുള്‍ എ-പ്ലസ് ലഭിച്ചിരുന്നത്. എന്നാല്‍ അത് ഇത്തവണ 202 ആയി ഉയര്‍ത്താന്‍ സ്‌കൂളിന് സാധിച്ചു.

വാട്‌സ് ആപ്പ്, ഗൂഗില്‍ മീറ്റ് തുടങ്ങിയവയിലൂടെ ചിട്ടയായ ക്ലാസുകളാണ് പേരാമ്പ്ര സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയത്. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താനായി വിവിധ പദ്ധതികളും സ്‌കൂള്‍ ആവിഷ്‌ക്കരിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റുന്നതിനും മാനസിക സമ്മര്‍ദ്ധം കുറയ്ക്കുന്നതിനുമായി അധ്യാപകര്‍ ഗൃഹ സന്ദര്‍ശനം നനടത്തി.

പ്രകത്ഭരായ അധ്യാപകരുടെ സേവനും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ലഭ്യമാക്കി. കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഡിജിറ്റലായപ്പോള്‍ അതിന് വേണ്ട സാങ്കേതിക സാഹചര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സജ്ജീകരണങ്ങളും സ്‌കൂള്‍ ഒരുക്കി. വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും പിടിഎയുടെയു കൂട്ടായ പരിശ്രമ ഫലമായാണ് ഇത്തരമൊരു വിജയം പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന് കൈവരിക്കാന്‍ സാധിച്ചത്.