പിറന്നാള്‍ ദിനത്തില്‍ സന്ദീപ് ഒപ്പമില്ല; സമ്മാനമായി വാങ്ങിയ ഷര്‍ട്ടുമായി പ്രിയതമനെ യാത്രയാക്കി സുനിത


തിരുവല്ല: ഡിസംബര്‍ നാല് സന്ദീപിന്റെ ജന്മദിനമാണ്. പതിവുപോലെ സന്ദീപിനായി ആ ചുവന്നകുപ്പായം വാങ്ങുമ്പോള്‍ ഭാര്യ സുനിത ഒരിക്കലും കരുതിയിരുന്നില്ല, അത് സന്ദീപിന് നല്‍കാനാവില്ലയെന്ന്.

പ്രസവത്തെ തുടർന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. പിറന്നാളുകാരനു സമ്മാനമായി വാങ്ങിയ ഷർട്ടിൽ സന്ദീപ് തിളങ്ങുന്നതു സ്വപ്നം കണ്ടുറങ്ങിയതാണ്. നിശ്ചലമായ ആ നെഞ്ചിൽ ഷർട്ട് ഇങ്ങനെ ചേർത്തു വച്ചു സന്ദീപ് മടങ്ങുമ്പോൾ കുടുംബത്തിലും രാഷ്ട്രീയത്തിലും നിറഞ്ഞൊഴുകിയ പ്രതീക്ഷകളുടെ കിരണമാണ് അണയുന്നത്. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ഇന്നലെ ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു.

മരണത്തിനു തൊട്ടു മുൻപു വരെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനു ബന്ധുക്കൾക്കൊപ്പം പെരിങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ. തിരക്കുകൾ ഒതുക്കി സായാഹ്നങ്ങൾ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കിൽ പതിവു പോലെ എത്തിയതാണ്. വീട്ടിൽ മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാത്തതിനാൽ ഇവിടെയിരുന്നാണ് അത്യാവശ്യ ഫോൺ വിളികളൊക്കെ നടത്തുന്നത്. അങ്ങനെ ഒരു ഫോൺ വിളിയാണ് ഇടയ്ക്കു വച്ചു മുറിഞ്ഞത്. സന്ദീപിനേക്കാൾ 10 വയസ്സു കുറവാണ് കൊലപാതകത്തിൽ അറസ്റ്റിലായ ജിഷ്ണുവിന്. അടുത്തടുത്ത താമസക്കാർ. എന്നും കാണുന്നവർ.

രാഷ്ട്രീയമായി ഇരു ചേരികളിലായതിനാൽ തമ്മിലുള്ള ഉരസൽ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഭ്രാന്തു പിടിച്ച മനസുമായി ജിഷ്ണു കൂട്ടാളികളുമൊത്തു വരുമ്പോൾ പതിവ് വാക്കേറ്റമായിരിക്കാം സന്ദീപ് പ്രതീക്ഷിച്ചത്. പക്ഷേ, ആ കണക്കു പിഴച്ചു. ബൈക്ക് ഉൾപ്പടെ സന്ദീപിനെ പത്ത് അടി താഴ്ചയുള്ള പാടത്തെ ചെളിയിലേക്ക് ജിഷ്ണു തള്ളിയിട്ടു. അരിശം തീരുംവരെ സന്ദീപിനെ കുത്തി. ഒപ്പം കൂട്ടാളികൾ കരയിലും വെള്ളത്തിലുമുണ്ടായിരുന്നു. വടിവാളും കഠാരയും എപ്പോഴും കയ്യിൽ കരുതുന്നവരാണ് അക്രമി സംഘത്തിലുള്ളവരെന്നാണ് പൊലീസ് പറയുന്നത്. ഇതേ സംഘം ഈ വർഷം ഇത് മൂന്നാമത്തെ ക്രിമിനൽ കേസാണ് ഉണ്ടാക്കുന്നതെന്നും പൊലീസ് പറയുന്നു.

ജിഷ്ണുവിന്റെ ബന്ധുവും സന്ദീപിന്റെ സന്തത സഹചാരിയുമായ രാകേഷാണ് ആദ്യം രക്ഷയ്ക്ക് എത്തിയത്. സംഘത്തിലൊരാൾ കൊടുവാളുമായി രാകേഷിനു നേരെ നീങ്ങിയപ്പോൾ ജിഷ്ണു തടഞ്ഞു. അതെന്റെ ബന്ധുവാണ്, കൊല്ലരുതെന്നു പറഞ്ഞു. ദാ അവിടെ വെട്ടിയിട്ടിട്ടുണ്ട്, വേണേൽ എടുത്തോണ്ടു പൊയ്ക്കോ, എന്ന് രാകേഷിനോടു പറഞ്ഞ ശേഷമാണ് ജിഷ്ണുവും സംഘവും കരുവാറ്റയിലേക്കും മറ്റ് ഒളിസങ്കേതങ്ങളിലേക്കും പോയത്. ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. എനിക്കു ശ്വാസം മുട്ടുന്നു, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്നെല്ലാമാണ് അവസാനമായി സന്ദീപ് പറഞ്ഞത്. ആശുപത്രിയിലെത്തി 10 മിനിറ്റിനകം മരണം സംഭവിച്ചു. നെഞ്ചിലും പുറത്തും ഏറ്റ ആഴത്തിലുള്ള നാലു മുറിവുകളാണു പ്രധാനമായും മരണ കാരണം. മൊത്തം 18 മുറിവാണ് ശരീരത്തിലുള്ളത്.

വികാര നിർഭരമായ അന്തരീക്ഷത്തിലാണ് നാടും നാട്ടുകാരും സന്ദീപിന്റെ ശരീരം ഏറ്റുവാങ്ങിയത്. മുദ്രാവാക്യം വിളികൾ മുഴങ്ങുമ്പോഴും ആളുകൾ കരച്ചിലടക്കാൻ പാടുപെട്ടു. പാർട്ടി പ്രവർത്തന മികവില്‍ ലോക്കൽ സെക്രട്ടറി പദത്തില്‍ തിരഞ്ഞെടുത്ത സന്ദീപിന്റെ സജീവ പ്രവർത്തനത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിങ്ങര പഞ്ചായത്ത് സിപിഎം നേടിയിരുന്നു. ഉറക്കെ പോലും സംസാരിക്കുന്ന പ്രകൃതമല്ല സന്ദീപിന്റേതെന്നാണു പരിചയക്കാർ പറയുന്നത്. ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കും വീടിന്റെ തൊട്ടടുത്ത തോമസ് ചേട്ടന്റ കടയുമാണ് സന്ദീപിന്റെ ഇഷ്ട കേന്ദ്രങ്ങൾ. വൈകുന്നേരങ്ങളിൽ ഇവിടെ എവിടെയെങ്കിലും സന്ദീപുണ്ടാകും.

മരണ ദിവസം തോമസ് ചേട്ടന്റെ കടയിൽ സന്ദീപ് എത്തിയില്ല, പകരം കൊലയാളി സംഘം എത്തി. ഇനി സന്ദീപിനെയും സ്നേഹിതരെയും കടയിൽ ഇരുത്തരുതെന്നു താക്കീത് ചെയ്തു. കടയുടമ തോമസ് എതിർത്തപ്പോൾ കത്തിയുമായി ചാടിയിറങ്ങിയ ജീഷ്ണു മിഠായി ഭരണികൾ കുത്തിപ്പൊട്ടിച്ചു. ഈ സമയം സന്ദീപ് കലുങ്കിലുണ്ടായിരുന്നു. കൊലവിളി നടത്തിയ അക്രമി സംഘം നേരെ കലുങ്കിലെത്തി സന്ദീപുമായി ഏറ്റുമുട്ടുകയായിരുന്നു. സന്ദീപിന്റെ വീട്ടിൽ നിന്നു വിളിപ്പാട് അകലെയാണ‍ു കൊലപാതകമുണ്ടായ സ്ഥലം.