പിന്നെയും ആശ്വാസം; നിപ: 20 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; പരിശോധിച്ച 19 പേര്‍ക്ക് കോവിഡ്


കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലത്തെ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 20 പേരുടെ സാമ്പിള്‍ പരിശോധനാ ഫലംകൂടി പുറത്തുവന്നു. ഇവരില്‍ ആര്‍ക്കും തന്നെ രോഗബാധയില്ല. ഇതോടെ സമ്പര്‍ക്ക പട്ടികയിലെ 108 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. അതേസമയം പരിശോധനാ വിധേയമാക്കിയ 19 സാമ്പിളുകള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

കുട്ടിയുമായി സമ്പര്‍ക്കത്തില്‍പ്പെട്ട ഇതുവരെ പരിശോധിച്ച ഒരു സാമ്പിളുകളും പോസിറ്റീവല്ലെന്നത് ആശ്വാസകരമാണ്. നിലവില്‍ രോഗബാധ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

നിപയുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം ജില്ലയില്‍ നിയന്ത്രണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. നേരിയ ലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ പോലും പരിശോധിക്കാനായി പൂനെയിലേക്ക് അയക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

നിപ റിപ്പോര്‍ട്ടു ചെയ്തസാഹചര്യത്തില്‍ നിര്‍ത്തിവെച്ച കോഴിക്കോട് താലൂക്കിലെ വാക്‌സിനേഷന്‍ 48 മണിക്കൂര്‍ നിര്‍ത്തിവെച്ചെങ്കില്‍ ഇത് പുനരാരംഭിച്ചിട്ടുണ്ട്.